ഒടുവില്‍ ആദിത്യനാഥ് വഴങ്ങി; യു.പിയിലേക്ക് കോണ്‍ഗ്രസിന്റെ 1,000 ബസുകള്‍ ഉടന്‍

102
ഗാസിയാബാദില്‍ ബസ് കാത്ത് നില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. ഒന്നര ദിവസം വരെ കാത്തു നിന്നാണ് പലര്‍ക്കും ബസിലേക്ക് പ്രവേശം കിട്ടുന്നത്‌

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ 1,000 ബസുകള്‍ ഓടിക്കാമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ത്ഥന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചു. ബസുകളുടെയും അതിലെ ജീവനക്കാരുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.
ഗാസിപ്പൂര്‍ (ഗാസിയാബാദ്), നോയിഡ അതിര്‍ത്തികളില്‍ നിന്ന് 500 ബസുകള്‍ വീതം ഓടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ മുഴുവന്‍ ചെലവുകളും പാര്‍ട്ടി വഹിക്കും. നാടുകളിലേക്കുള്ള മടക്ക യാത്രക്കിടെ യു.പിയിലും മറ്റുമായി റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് കൊല്ലപ്പെട്ടത്. ഇതോടെയാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുതലുമായി പ്രിയങ്കയും കോണ്‍ഗ്രസും രംഗത്തെത്തിയത്. ഏതുവിധേനെയും നാട്ടിലെത്താനുള്ള പെടാപാടിനിടെ വഴിയില്‍ മരിച്ചുവീഴുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടണയാന്‍ ആയിരം ബസുകളൊരുക്കാമെന്ന് പ്രിയങ്ക യു.പി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
യാത്രയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും അവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ പാര്‍ട്ടി നേതാവ് ആധാരന മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇതുവരെ 65 തൊഴിലാളികള്‍ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. അവര്‍ രാഷ്ട്ര നിര്‍മാതാക്കളാണ്, അവരെ ഇതുപോലെ ഉപേക്ഷിക്കാന്‍ കഴിയില്ല, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മടങ്ങിവരുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും സുരക്ഷിതമായി മടങ്ങിവരുന്നതിനായി ശരിയായ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ഇതില്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കത്തില്‍ സൂചിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലുണ്ടായ അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് എത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കാത്തതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തുകയും ചെയ്തു.
ഒന്നുകില്‍ സര്‍ക്കാര്‍ ഒന്നും കാണുന്നില്ലെന്നും അല്ലെങ്കില്‍ എല്ലാം കണ്ടിട്ടും അറിയാത്തതുപോലെ നടിക്കുകയാണെന്നുമാണ് പ്രിയങ്ക കുറ്റപ്പെടുത്തിയത്.
കുടിയേറ്റ തൊഴിലാളികളോട് സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞത് മനുഷ്യത്വമെങ്കിലും കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.