ഒരാഴ്ചക്കിടെ ഏഴ് പേര്‍ക്ക് കോവിഡ് 19; വയനാട് റെഡ് സോണ്‍ ഭീതിയിലേക്ക്

11

32 ദിവസത്തെ ആശ്വാസത്തിന് ശേഷം ഒരാഴ്ചക്കിടെ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് വയനാട്ടില്‍ ആശങ്ക പടര്‍ത്തുന്നു. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി മടങ്ങിയ ലോറി െ്രെഡവറില്‍ നിന്ന് തുടങ്ങിയ രോഗബാധ സമ്പര്‍ക്കത്തിലൂടെ അഞ്ച് പേരിലാണ് രോഗമെത്തിച്ചത്. ആറാമത്തെയാള്‍ക്കും ചെന്നൈ കോയമ്പേടില്‍ നിന്നാണ് രോഗം ബാധിച്ചത്.
ചീരാല്‍ സ്വദേശിയായ 25 വയസ്സുകാരനും എടവക കമ്മന സ്വദേശി 20 വയസ്സുകാരനും മീനങ്ങാടി സ്വദേശിയായ 45 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീരാല്‍ സ്വദേശി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തിരുന്നു. മെയ് ഏഴിന് ജില്ലയില്‍ തിരിച്ചെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കമ്മന സ്വദേശി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ലോറി ക്ലീനറുടെ മകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആളാണ്. മീനങ്ങാടി സ്വദേശിനി നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ചികിത്സയില്‍ കഴിയുന്ന ആളുടെ സെക്കന്‍ഡറി കോണ്‍ടാക്ട് ആണ്. രോഗം സ്ഥിരീകരിച്ച ലോറി െ്രെഡവര്‍ ബില്‍ നല്‍കാനെത്തിയ കടയിലുണ്ടായിരുന്നയാളുടെ ഭാര്യയാണ് ഇവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏഴുപേര്‍ മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്.
32 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ കോവിഡ് 19 വീണ്ടും സ്ഥിരീകരിക്കുന്നത്. നേരത്തേ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഇവര്‍ രോഗമുക്തരായി ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ തുടരുകയാണ്. അതിനിടെ വയനാട്ടില്‍ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് കാരണം ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഏപ്രില്‍ 26ന് കോവിഡ് ബാധിത മേഖലയായ ചെന്നൈ കോയമ്പേട്ടില്‍ നിന്നും ജില്ലയിലെത്തിയ ട്രക്ക് െ്രെഡവറുടെ സ്രവം ഏപ്രില്‍ 29ന് മാത്രമാണ് പരിശോധിക്കുന്നത്.ഈ കാലതാമസം വലിയ ദുരന്തം സൃഷ്ടിച്ചു. ട്രക്ക് െ്രെഡവറില്‍ നിന്നും അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. സാമ്പിള്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാത്തതും തിരിച്ചടിയായി. ജില്ലയില്‍ ഇന്നലെ ഞായറാഴ്ച 140 പേരെ കൂടി നിരീക്ഷണത്തിലാക്കി. 54 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1752 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 700 സാമ്പിളുകളില്‍ 641 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 47 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 829 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 591 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 238 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.