ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി മൂന്നു മാസത്തിനകമെന്ന് കേന്ദ്രം

135

കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ടുമാസം സൗജന്യ റേഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു റേഷന്‍ പദ്ധതി 2020 ആഗസ്റ്റിനകം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് അടുത്ത രണ്ടു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പോക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുടിയേറ്റ തൊഴിലാളികള്‍, തെരുവു കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, സ്വയം തൊഴിലുകാര്‍, ചെറുകിട കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള ഒമ്പത് പദ്ധതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇ.എസ്.ഐ.സി ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്കു കീഴില്‍ പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കും. നിലവില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ റേഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. വണ്‍ നാഷണ്‍, വണ്‍ റേഷന്‍ പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. 2020 ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയാകും. 23 സംസ്ഥാനങ്ങളിലായി 67 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ മൊത്തം പൊതു വിതരണ സംവിധാനത്തിന്റെ 83 ശതമാനവും ഇതോടെ പദ്ധതിക്കു കീഴിലാവുമെന്നും ധനമന്ത്രി പറഞ്ഞു.
നിലവില്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ആളൊന്നിന് അഞ്ചു കിലോ ധാന്യവും ഒരു കിലോ പയറു വര്‍ഗവും വിതരണം ചെയ്യും. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങള്‍ക്കാകും നടത്തിപ്പു ചുമതല. എട്ടു കോടി കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കും. 3500കോടി രൂപയാണ് ഇതിനു വേണ്ടി ചെലവിടുകയെന്നും മന്ത്രി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ക്കും നഗരങ്ങളിലെ ഭവന രഹിതര്‍ക്കും വേണ്ടി ചെലവു കുറഞ്ഞ ഭവന പദ്ധതി ആവിഷ്‌കരക്കും. കുറഞ്ഞ ചെലവിലുള്ള റെന്റല്‍ ഹൗസിങ് കോംപ്ലക്‌സുകള്‍(വാടക വീടുകള്‍) ആണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വന്തം നിലയിലോ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലോ പദ്ധതി നടപ്പാക്കാം.
തെരുവു കച്ചവടക്കാര്‍ക്കായി 5000 കോടിയുടെ പ്രത്യേക വായ്പാ പാക്കേജ് നടപ്പാക്കും. ഒരു മാസത്തിനുള്ളില്‍ പദ്ധതി നിലവില്‍ വരും. 50 ലക്ഷം തെരുവു കച്ചവടക്കാര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. 10,000 രൂപ വരെ അടിയന്തര വായ്പയായി നല്‍കും. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും.
രാജ്യമൊട്ടാകെ ഒറ്റക്കൂലി സംവിധാനം നടപ്പാക്കും.
മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ് 31 വരെ നീട്ടി
25ലക്ഷം കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ പുതുതായി അനുവദിക്കും.
മുദ്ര – ശിശു ലോണുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് രണ്ടു ശതമാനം പലിശ ഇളവ്. 1500 കോടിയുടെ പ്രയോജനം.
ഹൗസിങ് മേഖലയില്‍ 70,000 കോടിയുടെ നിക്ഷേപത്തിന് അവസരം ഒരുക്കും. ഹൗസിങ് മേഖലയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് സി.എല്‍.എസ്.എസ് പദ്ധതി 2021 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനംചെയ്യും.
പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളേയും ഇ.എസ്.ഐ പരിരക്ഷയുടെ കീഴില്‍ കൊണ്ടുവരും.
അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇ.എസ്.ഐ പരിരക്ഷ.
അസംഘടിത മേഖലയില്‍ അടക്കം മിനിമം കൂലി ഉറപ്പാക്കും.
ഗോത്ര ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ മാനേജ്‌മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റി വഴി 6,000 കോടി ചെലവഴിക്കും.
ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കായി നബാര്‍ഡ് വഴി 30,000 കോടിയുടെ വായ്പാ പദ്ധതി
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി 2.5 കോടി കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കോടി രൂപ വായ്പ നല്‍കും.