ഓണ്‍ലൈന്‍ പഠനം: ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എഫ്‌

കോഴിക്കോട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ ആരംഭിക്കുമെന്നാണ് പറയുന്നത്. ടെക്്‌നോളജിയിലെ അപര്യാപ്തത മൂലവും മതിയായ നെറ്റ് വര്‍ക്ക് സംവിധാനം ഇല്ലാത്തതിന്റെ പേരിലും മൂന്നു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം നഷ്ടമാവുന്നത്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് പഠനത്തിന് പുറത്താവുക എന്ന കാര്യം ഗൗരവമായി കാണണം. വിദ്യാര്‍ത്ഥി സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച ചെയ്യാതെ വിദ്യാഭ്യാസമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എസ്.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും.
കോളജുകളിലെ അധ്യയനസമയം മാറ്റുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. രാവിലെ 8.30ന് ക്ലാസ് തുടങ്ങുമെന്നാണ് പറയുന്നത്. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസിലെത്താന്‍ പറ്റില്ല. കോളജുകളില്‍ ഹോസ്റ്റല്‍ സൗകര്യം പരിമിതമാണ്. ഇത് ഉപയോഗപ്പെടുത്താന്‍ പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുകയുമില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥിനികള്‍ വളരെ ആശങ്കയിലാണ്. എം.എസ്.എഫ് വനിതാവിഭാഗമായ ഹരിത മുഖേന നടത്തിയ സര്‍വേയില്‍ ഇത് ബോധ്യപ്പെടുകയുണ്ടായി. കോളജ് പഠനരംഗത്ത് നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോവുകയായിരിക്കും ഇതിന്റെ ഫലം.
ഉയര്‍ന്ന ക്ലാസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അഞ്ചുമണിക്കൂര്‍ വരെ വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പിന്റെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കണം. ഇതുകൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. കുട്ടികളുടെ കാഴ്ചക്കും മസ്തിഷ്‌കത്തിനും ഉണ്ടാവുന്ന പ്രയാസങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ പഠിക്കുമ്പോള്‍ തന്നെ അറ്റന്റന്‍സ് കൃത്യമായി രേഖപ്പെടുത്തുമെന്ന് പറയുന്നു. ഇതെങ്ങനെ സാധ്യമാകും എന്ന ചോദ്യം അവശേഷിക്കുകയാണ്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക്് കൊള്ള നടത്താനുള്ള അവസരവും സര്‍ക്കാര്‍ സൃഷ്ടിക്കുകയാണ്. അവര്‍ ഫീസ് മുന്‍കൂറായി അടക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ മന്ത്രി കെ.ടി ജലീലിന്റെ നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന് ഉണ്ടായതാണ്. മുഖ്യമന്ത്രിയുടെ ഗുഡ് ലിസ്റ്റില്‍ പെട്ടു എന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് മന്ത്രി ഇപ്രകാരം മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. എം.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു. സെമസ്റ്റര്‍ സംവിധാനം പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ആത്മവിശ്വാസം അതിരുകടന്നതാണ് എന്നേ പറയാന്‍ പറ്റുകയുള്ളു.
ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളോട് എം.എസ്.എഫ് മുഖം തിരിച്ചുനില്‍ക്കുന്നില്ല. എന്നാല്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യണം. വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കണം. കൂടിയാലോചന കൂടാതെ കോളജ് സമയമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്നോട്ടു പോയാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രക്ഷോഭം നടത്താന്‍ എം.എ്‌സ്.എഫ് നിര്‍ബന്ധിക്കപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എഫ് ട്രഷറര്‍ സി.കെ നജാഫ്, വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ പിലാക്കല്‍, സെക്രട്ടറിമാരായ കെ.ടി റഊഫ്, അഷര്‍ പെരുമുക്ക്, ജില്ലാ പ്രസിഡണ്ട്് അഫ്‌നാസ് ചോറോട് എന്നിവരും സംബന്ധിച്ചു.