ഓപ്പറേഷന്‍ സമുദ്രസേതു; മൂന്നാം സംഘവും കൊച്ചിയിലെത്തി

17

കൊച്ചി: വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം കപ്പലും കൊച്ചിയിലെത്തി. നാവിക സേനയുടെ ഐ.എന്‍.എസ് ജലാശ്വയില്‍ മാലിദ്വീപില്‍ കുടുങ്ങിയ 588 പേരാണ് സ്വന്തം ചെലവില്‍ ഇന്നലെ കൊച്ചി തുറമുഖത്തെത്തിയത്. ഐ.എന്‍.എസ് ജലാശ്വയുടെ രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്. യാത്രക്കാരില്‍ ആറു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 70 പേര്‍ സ്ത്രീകളും 21 പേര്‍ കുട്ടികളുമായിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു കൂടുതലും. 15ന് മാലി തുറമുഖത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന ഐ.എന്‍.എസ് ജലാശ്വ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു ദിവസം വൈകിയാണ് യാത്ര ആരംഭിച്ചത്. ഞായര്‍ രാവിലെ പതിനൊന്നര മണിയോടെ കപ്പല്‍ കൊച്ചി തീരം തൊട്ടു. സുരക്ഷാ പരിശോധനക്കും ആരോഗ്യ പരിശോധനക്കും ശേഷം യാത്രക്കാരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മൂന്നു പേരെ കരുവേലിപ്പടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍ക്കോട്-16, കണ്ണൂര്‍-16, വയനാട്-11, കോഴിക്കോട്-18, മലപ്പുറം-2, പാലക്കാട്-35, തൃശൂര്‍-50, എറണാകുളം-68, ആലപ്പുഴ-46, ഇടുക്കി-23, കോട്ടയം-19, പത്തനംതിട്ട-9, കൊല്ലം-54, തിരുവനന്തപുരം-120 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം. 101 പേര്‍ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. മാലിദ്വീപില്‍ നിന്ന് ഇതുവരെ മൂന്നു കപ്പലുകളിലായി 1488 പേരാണ് കൊച്ചി തുറമുഖത്ത് എത്തിയത്. മെയ് 10ന് ഐ.എന്‍.എസ് ജലാശ്വയില്‍ 698 പേരും മെയ് 12ന് രണ്ടാം ദൗത്യമായ ഐ.എന്‍.എസ് മഗറില്‍ 202 യാത്രക്കാരും നേരത്തെ കൊച്ചിയിലെത്തിയിരുന്നു. അതേസമയം, ശനിയാഴ്ച രാത്രി ദുബായ്-കൊച്ചി വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയെ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.