ഓര്‍മകളിലൂടെ ഇ അഹമ്മദ്; വെബ് പോര്‍ട്ടല്‍

കോഴിക്കോട്: അരനൂറ്റാണ്ടിലധികം കാലം കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയും സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി റെയില്‍വേ സഹമന്ത്രി, എച്ച്.ആര്‍.ഡി. വകുപ്പ് സഹമന്ത്രി തുടങ്ങി അനേകം പദവികളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും ചെയ്ത ഇ. അഹമ്മദ് സാഹിബിന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കേണ്ട ഒരു മാതൃകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നീ നിലക്കും നിറഞ്ഞുനിന്ന അഹമ്മദ് സാഹിബിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത താളുകള്‍ ശേഖരിച്ചെടുക്കുന്നതിനുവേണ്ടി അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കുന്നു.
നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിച്ച് യു.എന്‍. അസംബ്ലിയിലും അനവധി അന്താരാഷ്ട്ര വേദികളിലും പങ്കെടുത്ത അദ്ദേഹത്തിന്റെ ജീവചരിത്രം ഓണ്‍ലൈന്‍ രൂപത്തില്‍ തയ്യാറാക്കുന്നത്തിനായി പത്രപ്രവര്‍ത്തക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖരുടെ മാര്‍ഗനിര്‍ദ്ദേശത്തിലായിരിക്കും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. അതിലേക്കായി അഹമ്മദ് സാഹിബുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും ക്ഷണിക്കുന്നു.
അവര്‍ നേരിട്ട് അപ്‌ലോഡ് ചെയ്യുവാന്‍ www.eahamed.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇമെയില്‍ വഴി അയക്കുവാന്‍ mystory@eahamed.org എന്ന മെയിലിലേക്കും വാട്‌സപ്പ് വഴിയാണെങ്കില്‍ 9446160000, 9847155669 എന്നീ നമ്പരുകളിലേക്കും അയക്കാവുന്നതാണ്. അയക്കുന്ന വ്യക്തിയുടെ പേരും ഫോട്ടോയും കൂടെ അതോടൊപ്പം അയക്കേണ്ടതാണ്. പ്രസ്തുത വെബ്‌സൈറ്റില്‍ ഇത്തരത്തില്‍ അനുഭവക്കുറിപ്പ് എഴുതിയവര്‍ക്കായി പ്രത്യേക പ്രൊഫൈല്‍ പേജും അവരുടെ വിവരങ്ങളും നല്‍കുന്നതാണ്.