
രാജ്യത്താദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച തൃശൂര്‍ ജില്ല ഓറഞ്ചില്‍ നിന്ന് പച്ചപ്പിന്റെ കുളിര്മയുള്ള ആശ്വാസത്തിലേക്ക്. 25 ദിവസമായി പുതിയ പോസിറ്റീവ് കേസുകളില്ലാതെയാണ് തൃശൂര്‍ ഗ്രീന്‍സോണിലേക്ക് മാറിയത്. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക്, വൈറോളജി പരിശോധനാ നിരക്ക്, കരുതല്‍ നിരീക്ഷണം എന്നിവ മാനദണ്ഡമാക്കിയാണ് കേന്ദ്രം സോണുകളുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ കേരളം പ്രൈമറി കോണ്ടാക്ട്സ്, സെക്കന്ററി കോണ്ടാക്ട്സ് എന്നിവകൂടി ഉള്‍പ്പെടുത്തിയതോടൊപ്പം സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിച്ചാണ് ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ പുനഃക്രമീകരിച്ചത്.
തുടര്‍ച്ചയായ 21 ദിവസം പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആ ജില്ലയെ തീവ്രതകുറഞ്ഞ സോണിലേക്ക് മാറ്റാം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര നിര്‍ദ്ദേശത്തോടൊപ്പം ജില്ലയിലെ സവിശേഷതകള്‍ കൂടി പരിഗണിച്ചാണ് ഗ്രീന്‍ സോണിലേക്ക് തൃശൂരിനെ ഉള്‍പ്പെടുത്തിയത്. ഇതിന്റെഭാഗമായി ഇന്നുമുതല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജില്ലയില്‍ പ്രാബല്യത്തില്‍ വരും. മൊത്തം 13 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 19ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. രോഗമുക്തരായി വീടുകളിലെത്തിയ പലരും ഇതിനോടകം 14 ദിവസത്തെ നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ഹോട്ട്സ്പോട്ടുകളുമില്ല. ജില്ലയില്‍ എണ്ണൂറോളം പേര് മാത്രമാണിപ്പോള്‍ ക്വാറന്റയിനില്‍ കഴിയുന്നത്.
ഗ്രീന്സോണിലായതോടെ വലിയൊരു ആശ്വാസത്തിലേക്കാണ് ജില്ല നീങ്ങുന്നത്. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും കോവിഡിനെ പ്രതിരോധിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം വലിയൊരു സംഘം തന്നെ ഉണ്ടായിരുന്നു. സ്വന്തന് ജീവന്‍പോലും പണയംവെച്ച് അവര്‍ നടത്തിയ ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ജില്ലയിന്ന് അനുഭവിക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും പലപ്പോഴും വീട്ടില്‍പോലും പോകാതെയാണ് ജോലി ചെയ്തിരുന്നത്. ഏഴുദിവസത്തെ ജോലി കഴിഞ്ഞാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിനുശേഷമേ അവരെ വീട്ടില്‍ പോകാന്‍പോലും അനുവദിച്ചിരുന്നുള്ളൂ. ചെറിയ കുട്ടികള്‍ വരെയുള്ളവര്‍ ഈ ആരോഗ്യപ്രവര്ത്തകര്ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്ഷമയോടെ അതിലേറെ സഹനശക്തിയോടെ അവര്‍ കോവിഡിനെതിരെ പൊരുതുകയായിരുന്നു. തൃശൂരിനെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയെങ്കിലും നിലവിലുളള നിയന്ത്രണങ്ങളില്‍ പലതും തുടരുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലും അതിഥി തൊഴിലാളികളെ മടക്കി അയക്കേണ്ടതിനാലും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകീട്ടോടെ തൃശൂരില്‍ നിന്നും ട്രെയിന്‍ വഴി 1143 അതിഥി തൊഴിലാളികളെ ബിഹാറിലേക്ക് അയച്ചു. കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ കുടുംബാംഗങ്ങളോടൊത്തായിരുന്നു പലരുടേയും ആഹ്ലാദ മടക്കയാത്ര.