കടയടപ്പിച്ചു, അഞ്ചു പേര്‍ക്കെതിരെ കേസ്‌

47
വിലക്ക് നിലനില്‍ക്കുന്നതിനിടെ മിഠായിതെരുവിലെ ബ്യൂട്ടി സ്റ്റോര്‍ തുറക്കാനെത്തിയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടയുന്നു

മിഠായിതെരുവില്‍ കട തുറക്കാനെത്തിയ ടി.നസിറുദ്ദീനെ പൊലീസ് തടഞ്ഞു

കോഴിക്കോട്: മിഠായി തെരുവില്‍ കട തുറക്കാനെത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് മിഠായിതെരുവിലെ ബ്യൂട്ടി സ്റ്റോര്‍ തുറക്കാന്‍ ഏകോപനസമിതി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. രാവിലെ 9.50നാണ് സംഭവം. ബ്യൂട്ടി സ്റ്റോറിന്റെ ഉടമ നസിറുദ്ദീനും ജില്ലാ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സേതുമാധവനും ബ്യൂട്ടി സ്റ്റോര്‍ നടത്തിപ്പുകാരന്‍ റാഫി തുടങ്ങിയവര്‍ ഒന്നിച്ചാണ് കട തുറക്കാന്‍ എത്തിയത്.
ഷട്ടര്‍ ഉയര്‍ത്തുമ്പോഴേക്ക് തന്നെ പൊലീസ് സംഘം എത്തിയിരുന്നു. ടൗണ്‍ സി.ഐ ഉമേഷ് കട തുറക്കുന്നവരുടെ അടുത്തേക്ക് എത്തി. കട തുറക്കരുതെന്ന് പറഞ്ഞു. പിന്നീട് പൊലീസ് തന്നെ ഷട്ടര്‍ താഴ്ത്തുകയും ഏകോപനസമിതിക്കാരോട് സ്ഥലം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോള്‍ നസിറുദ്ദീന്‍ തന്നെയാണ് കടയുടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. പൊലീസിനെ കണ്ടതോടെ നേതാക്കള്‍ കൂടി നിന്നു. ഇവരെ പൊലീസ് പിടിച്ചുമാറ്റി. പിന്നീട് ഷട്ടര്‍ അടച്ചു. കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനടക്കം അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ജില്ല ജനറല്‍ സെക്രട്ടറി കെ.സേതുമാധവന്‍, ജില്ല ട്രഷററും മിഠായിതെരുവ് യൂണിറ്റ് പ്രസിഡന്റുമായ എ.വി.എം.കബീര്‍, സെക്രട്ടറിയേറ്റംഗം ശ്രീകുമാര്‍, നസിറുദ്ദീന്റെ ബ്യൂട്ടി സ്റ്റോര്‍ നടത്തിപ്പുകാരനായ റാഫി എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തിന് ശേഷം കലക്ടറേറ്റിലെത്തിയ വ്യാപാരികള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി.രാമകൃഷ്ണന്‍, ജില്ലകലക്ടര്‍ സാംബശിവറാവു എന്നിവരെ കണ്ടു ചര്‍ച്ച നടത്തി. മിഠായിതെരുവില്‍ കടകള്‍ തുറക്കുന്നതിനെപ്പറ്റി തിങ്കളാഴ്ചക്കകം തീരുമാനമുണ്ടാവുമെന്ന് മന്ത്രിയും കലക്ടറും ഉറപ്പ് നല്‍കിയതായി വ്യാപാരികള്‍ അറിയിച്ചു.
അടുത്തടുത്ത് കടകളുള്ള മിഠായിതെരുവില്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് ജില്ല കലക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ മാസം നാലിന് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. അന്ന് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ സംസാരിച്ചിരുന്നു. രണ്ടു ദിവസം കൂടി കാത്തിരിക്കാനായിരുന്നു നിര്‍ദേശം. അതിനുശേഷം ഇന്നലെ ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് നേരിട്ട് കട തുറക്കാന്‍ എത്തുകയായിരുന്നു. കടകളിലെ സാധനങ്ങള്‍ നശിക്കുകയാണെന്നും കച്ചവടം ചെയ്യാനായില്ലെങ്കിലും അല്‍പസമയം തുറന്നുവെക്കാന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ സംഭവത്തിന് ശേഷം കലക്ടറേറ്റിലെത്തിയ വ്യാപാരികള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി.രാമകൃഷ്ണന്‍, ജില്ലകലക്ടര്‍ സാംബശിവറാവു എന്നിവരെ കണ്ടു ചര്‍ച്ച നടത്തി. മിഠായിതെരുവില്‍ കടകള്‍ തുറക്കുന്നതിനെപ്പറ്റി തിങ്കളാഴ്ചക്കകം തീരുമാനമുണ്ടാവുമെന്ന് മന്ത്രിയും കലക്ടറും ഉറപ്പ് നല്‍കിയതായി ഏകോപനസമിതി നേതാക്കള്‍ അറിയിച്ചു.