തിരുവല്ല: പാലിയേക്കര ബസേലിയന് മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് ശരീരത്തില്‍ ഉള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേകസംഘം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. സംസ്കാരം ഇന്ന് രാവിലെ 11ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടക്കും. ചുങ്കപ്പാറ തടത്തേമല പള്ളിക്കാപറമ്പില്‍ ജോണ്‍ പീലീപ്പോസിന്റെ മകളാണ് ദിവ്യ . വ്യാഴാഴ്ചയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്തനംതിട്ട എസ് പി യോടാണ് റിപ്പോര്‍ട്ട് തേടിയത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.
മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും, ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.
കിണറ്റില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു.
വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ദുരൂഹത തുടരുന്ന പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.