മുംബൈ: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല് ലക്ഷം കവിഞ്ഞു. ഇന്നലെ 1495 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 25,922 ആയി.
54 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് മരണം 975 ആയി. 5547 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തലസ്ഥാനമായ മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15,474 ആയി. 596 പേരാണ് മുംബൈയില്‍ മരിച്ചത്.
അതേ സമയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1028 ആയി. ബുധനാഴ്ച മാത്രം 66 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 40 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചയ്ക്ക് ശേഷം മരണം ഉണ്ടായിട്ടില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 42 ദിവസങ്ങള്‍ക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടന്നത്. മഹാരാഷ്ട്രക്കു പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുജറാത്തില്‍ ഇന്നലെ 364 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 9,268 ആയി. 554 പേരാണ് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശില്‍ 187 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണം 4173 ആയി. 187 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം ദക്ഷിണേന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായ തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 509 പുതിയ കേസുകളും മൂന്ന് മരണങ്ങളും. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,227 ആയി. 64 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായ എട്ടാം ദിവസമാണ് 500ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.