
ഡല്‍ഹിയിലും മുംബൈയിലും ആയിരങ്ങളുടെ നീണ്ട നിര
ഡല്‍ഹി: രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായം തുടരുന്നു. ഡല്‍ഹി അതിര്‍ത്തികടക്കാന്‍ തൊഴിലാളികളുടെ കിലോമീറ്ററുകള്‍ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസ്സുപിടിക്കാന്‍ സാമൂഹിക അകലം പാലിക്കാതെയാണ് ജനങ്ങള്‍ തടിച്ചു കൂടിയത്.
നാട്ടിലേക്ക് ബസ് കിട്ടുമെന്നറിഞ്ഞ് കൈക്കുഞ്ഞുങ്ങളെയടക്കം എടുത്തുകൊണ്ടാണ് നിരവധി കുടുംബങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയത്. വിനോദ് നഗറിലെ സ്കൂളിന് മുന്നില്‍ യാത്രക്കുള്ള അനുമതിക്കായി മണിക്കൂറുകളായി കാത്തിരിക്കുകയാണ് ഇവര്‍. നൂറുകണക്കിന് തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്കും ബിഹാറിലെക്കും മടങ്ങുന്നത്. ബസ് കിട്ടുമെന്നറിഞ്ഞ് ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു ജനം.
ഇവിടെ തിരക്ക് വര്‍ധിച്ചതോടെയാണ് തൊട്ടടുത്ത വിനോദ് നഗര്‍ കേന്ദ്രീകരിച്ച് പാസ് വിതരണം തുടങ്ങിയത്. വിവരമറിഞ്ഞ് ആളുകള്‍ ഇവിടേക്ക് ഇരച്ചെത്തി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം വെറുതെയായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ട, ലഖ്നൗ, ഗോരഖ്പൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബസ് സര്‍വ്വീസ് നടത്തിയത്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടിയും ഏര്‍പ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു മൈതാനത്തും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടി. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് തൊഴിലാളികളെത്തിയത്. ബിഹാറിലെ വിവിധയിടങ്ങളിലേക്ക് മടങ്ങുന്നവര്‍ക്കായി മൈതാനത്ത് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരുന്നു.
ഏതാനും കൗണ്ടര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ആയിരക്കണക്കിന് പേര് ഇവിടേക്കെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ലോക് ഡൗണ്‍ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് തൊഴിലാളികള്‍ തടിച്ചുകൂടിയത്. മുഖം മറയ്ക്കാനും സാമൂഹ്യ അകലം പാലിക്കാനും ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ഒരു തൊഴിലാളി പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘എനിക്ക് ഈ രോഗത്തെക്കുറിച്ച് അറിയില്ല, പക്ഷേ പട്ടിണി മൂലം മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മണിക്കൂറുകളോളം കാത്തിരിക്കാന്‍ തയ്യാറാണ്. എന്തുവന്നാലും വീട്ടിലേക്ക് മടങ്ങണം- ഇതായിരുന്നു അയാളുടെ വാക്കുകള്‍.
ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്കായി യു.പിയില്‍ നിന്ന് മടങ്ങാന്‍ ഈ മാസം ആദ്യം പ്രത്യേക ട്രെയിന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ഇതില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇതോടെ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് മടങ്ങുന്നവരും നിരവധിയാണ്. ഔറ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡുകളിലൂടെയുള്ള കാല്‍നടയാത്ര യു.പി സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. ഇങ്ങനെ വരുന്നവരെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയോ ബസ്സിലോ ട്രെയിനിലോ യാത്രയാക്കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
മഹാരാഷ്ട്രയിലും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുകയാണ്. മുംബൈയില്‍ ഇന്നലെ 1.5 കിലോ മീറ്റര്‍ നീണ്ട ക്യൂവാണ് സി.എസ്.ടി സ്റ്റേഷനു മുന്നില്‍ രൂപപ്പെട്ടത്.