ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് യാത്രാചെലവ് വഹിപ്പിക്കരുതെന്ന് സുപ്രീംകോടതി. നാടുകളിലെത്താന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ സൗകര്യം ഒരുക്കണം. അതുവരെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ അവരെ പാര്‍പ്പിക്കണം. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ചു. കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്.കെ കൗള്‍, എം.ആര് ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഇടപെടല്‍.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാചെലവ് ആരാണ് വഹിക്കുന്നതെന്ന് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. ചിലയിടങ്ങളില്‍ പുറപ്പെടുന്ന സംസ്ഥാനങ്ങളും മറ്റു ചിലയിടങ്ങളില്‍ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുമാണെന്ന് എസ്.ജി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ തൊഴിലാളെക്കൊണ്ട് ടിക്കറ്റെടുപ്പിച്ച് റീ ഇമ്പേഴ്സ് ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെക്കൊണ്ട് യാത്രാചെലവ് വഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ടിക്കറ്റ് വിതരണം കേന്ദ്രീകൃതമാക്കാനാവില്ല. സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കാനുള്ള തീരുമാനം റെയില്‍വേ കൈക്കൊണ്ടതാണ്. കുടിയേറ്റ തൊഴിലാളികളായ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആരാണ് ഒരുക്കി നല്‍കുന്നതെന്നും ഇതുസംബന്ധിച്ച പ്രോട്ടോകോള്‍ എന്തെന്നും കോടതി ചോദിച്ചു. യാത്ര തുടങ്ങുമ്പോള്‍ ആദ്യത്തെ ഭക്ഷണം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. തുടര്‍ന്ന് യാത്രയിലുടനീളം ഭക്ഷണവും കുടിവെള്ളവും നല്‍കുന്നത് റെയില്‍വേയും. ഇതുവരെ 84 ലക്ഷം പേര്‍ക്ക് റെയില്‍വേ ഭക്ഷണം നല്കി. യാത്രക്കാരില്‍ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉള്ളവരായിരുന്നുവെന്നും എസ്.ജി ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. തെര്‍മല്‍ സ്ക്രീനിങ് നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര അനുവദിക്കുന്നത്. എത്തിച്ചേരുന്ന സംസ്ഥാനങ്ങളില്‍ അതത് സര്‍ക്കാറുകളും സ്ക്രീനിങ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് വീടെത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ബസുകള്‍ സജ്ജമാക്കുന്നുണ്ട്. വീടെത്തും മുമ്പ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കുന്നുണ്ടെന്നും എസ്.ജി വിശദീകരിച്ചു. എന്നാല്‍ യാത്രാ സൗകര്യം ലഭിക്കും വരെ തൊഴിലാളികളില്‍ പലരും പട്ടിണിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എന്തുകൊണ്ട് ഏറ്റെടുത്തുകൂട. കുടിയേറ്റ തൊഴിലാളികളെ മുഴുവന്‍ നാടെത്തിക്കാന് എത്ര സമയം വേണ്ടി വരുമെന്ന് ചോദിച്ച കോടതി, അതുവരെ അവര്‍ക്കുവേണ്ട ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നല്ല പറഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉറച്ച ചില നടപടികള്‍ അനിവാര്യമാണ് – കോടതി പറഞ്ഞു. വാദത്തിനിടെ 50 ചോദ്യങ്ങളാണ് കോടതി സോളിസിറ്റര്‍ ജനറലിന് മുന്നില്‍ ഉന്നയിച്ചത്. ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി അന്ന് ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.