ഭക്ഷണവും വെള്ളവും നല്കിയ ശേഷം തൊഴിലാളികളെ വാഹനങ്ങളില്‍ നാട്ടിലെത്തിച്ച് രാഹുല്‍
രാഹുലുമായി സംസാരിച്ച കുടിയേറ്റ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായി ആരോപണം
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയും കൂലിയും നഷ്ടമായി കാല്‍നടയായി സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നടക്കുന്ന കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ച രാഹുല്‍ ഇവര്‍ക്ക് വീടുകളിലെത്താനാവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ ആഹ്വാന പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായി ഇവരെ വീടുകളിലെത്തിക്കാന്‍ തയാറായി എത്തിയെങ്കിലു സാമൂഹ്യ അകലം പാലിക്കണമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് പല വാഹനങ്ങളിലായാണ് പിന്നീട് ഇവരെ അയച്ചത്. രാഹുല്‍ തങ്ങളുടെ അടുത്ത് വന്നതായും തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ചോദിച്ചറിഞ്ഞതായും കുടിയേറ്റ തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ പറഞ്ഞു.
50 ദിവസമായി ജോലി ഒന്നുമില്ലെന്ന് അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ താന്‍ ചിലത് ചെയ്യാമെന്ന് പറഞ്ഞതായും മഹേഷ് പറഞ്ഞു. തങ്ങളുടെ പ്രശ്നം നേരിട്ട് ചോദിച്ചറിയാന്‍ ഒരാളെങ്കിലും എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മഹേഷ് പറഞ്ഞു. രാഹുല്‍ തങ്ങളെ കണ്ട് സംസാരിച്ചു,
ഭക്ഷണവും വെള്ളവൂം നല്കിയ ശേഷം വീട്ടിലെത്താനായി വാഹനം ബുക്ക് ചെയ്തു നല്കി-മറ്റൊരു കുടിയേറ്റ തൊഴിലാളിയായ ദേവേന്ദ്ര പറഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കുടിയേറ്റ തൊഴിലാളികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ഹരിയാനയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്കടത്തുള്ള സുഖ്ദേവ് വിഹാറിലാണ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ചത്.
അതേ സമയം ഡല്‍ഹി പൊലീസ് സംഭവത്തില്‍ പ്രതികരിച്ചട്ടില്ല. കുടിയേറ്റക്കാരെ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കരുതല്‍ തടങ്കലിലാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രധാനമന്ത്രി പുനഃപരിശോധന നടത്തണമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് പണം കൈമാറണമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുടിയേറ്റ തൊഴിലാളികള്‍ റോഡിലിറങ്ങി നടക്കുമ്പോള്‍ അവര്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പോക്കറ്റിലേക്ക് പണമാണ് നല്‍കേണ്ടതെന്നുമാണ് രാഹുല്‍ പറഞ്ഞത്.