കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി മടങ്ങുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി

21
ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ ഗാസിപൂരില്‍ ട്രക്കുകളില്‍ കുടുംബാംഗങ്ങളെ കയറ്റുന്ന തൊഴിലാളി

തീവണ്ടി ഇടിച്ച് മരിച്ച സംഭവം; റെയില്‍ പാളത്തില്‍ ഉറങ്ങിയാല്‍ ആര്‍ക്കാണ് തടയാനാവുകയെന്ന് കോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ആരാണ് നടക്കുന്നത്, ആരാണ് നടക്കാതിരിക്കുന്നത് എന്നെല്ലാം നിരീക്ഷിക്കുക കോടതിയെ സംബന്ധിച്ച് അസാധ്യമാണെന്ന് പറഞ്ഞ കോടതി ഇക്കാര്യം സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.’ആളുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നമുക്കവരെ തടയാനാകില്ല. എങ്ങനെയാണ് നാം അവരെ തടയേണ്ടത്?’ബഞ്ച് ചോദിച്ചു. ചരക്കു തീവണ്ടിയിടിച്ച സംഭവത്തിലും അവര്‍ റെയില്‍വേ പാളത്തില്‍ ഉറങ്ങിയാല്‍ ആര്‍ക്കാണ് അത് തടയാന്‍ സാധിക്കുക എന്നായിരുന്നു കോടതിയുടെ പ്രതികരണം. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കോടതി അഭിഭാഷകനെ ശകാരിക്കുകയും ചെയ്തു.
എല്ലാ അഭിഭാഷകരും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് എല്ലാ വിഷയത്തെയും കുറിച്ച് അറിവുള്ളവരാകുന്നു. നിങ്ങളുടെ അറിവും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നിട്ട് നിങ്ങള്‍ ഈ കോടതി തീരുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു.
സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ. എന്തിനാണ് കോടതി ഇത് കേള്‍ക്കുന്നത് അല്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്?ഞങ്ങള്‍ നിങ്ങള്‍ക്ക് പാസ് നല്‍കാം. അവിടെ പോയി ഉത്തരവ് നടപ്പാക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?’ കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുളള ഗതാഗത സംവിധാനങ്ങള്‍ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ അവസരം വരുന്നത് വരെ ക്ഷമ കാണിക്കണമെന്നും തുഷാര്‍ മെഹ്ത പറഞ്ഞു. കാല്‍ നടയാത്രയാവുന്നവരോട് അങ്ങനെ പോകരുതെന്ന് അപേക്ഷിക്കാന്‍ മാത്രമേ അധികൃതര്‍ക്ക് കഴിയൂ എന്നും ഫോഴ്‌സ് ഉപയോഗിച്ചാല്‍ അത് വിരുദ്ധ ഫലമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.