കുട്ടികളുടെ ജീവന്‍ പന്താടാന്‍ സര്‍ക്കാര്‍; പരീക്ഷാ തിയ്യതിയില്‍ മാറ്റമില്ല;പിടിവാശിയിലുറച്ച് മുഖ്യമന്ത്രി

43

ഭീതിയോടെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും

ജീവനെ വിഴുങ്ങുന്ന കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്നതിനിടെ കുട്ടികളുടെ ജീവന്‍ വെച്ച് പന്താടാന്‍ സംസ്ഥാന സര്‍ക്കാര്‍.ഒരിടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടുമ്പോള്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.സി പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാറിന് ആവേശം. കോവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇയിലെ ബാക്കിയുള്ള ഈ മാസം 26 മുതല്‍ 30 വരെയുള്ള തിയതികളില്‍ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഇതില്‍ മാറ്റമില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു. അതേസമയം മാറ്റിവെച്ച പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാറും ഇത് പരിഗണിക്കണമെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആവശ്യം.
മുഖ്യമന്ത്രിയുടെ പിടിവാശി വലിയ അത്യാപത്തിലേക്ക് നയിക്കുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പും പിണറായി സ്ഥിരം ശൈലിയില്‍ പുച്ഛിച്ച് തള്ളിയിട്ടുണ്ട്. പരീക്ഷതിയതി മാറ്റില്ലെന്ന് അദ്ദേഹം വീണ്ടും അറിയിച്ചതോടെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തും വന്നവരുടെ രോഗികളുടെ സാന്നിധ്യം സമൂഹവ്യാപനത്തില്‍ കലാശിച്ചു കൂട. മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കും പരീക്ഷയെന്നാണ് പ്രഖ്യാപനം. ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗതാഗതത്തിന് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. പൊതുഗതാഗതം പോലും ശരിയായ രീതിയില്‍ ഓടാത്തതിനാല്‍ എത്ര പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുമെന്ന് പോലും ഉറപ്പില്ല.
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്തും പരീക്ഷ എഴുതാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.. ഇതോടെ നിലവില്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെനിന്ന് തന്നെ പരീക്ഷ എഴുതാന്‍ സാധിക്കും. എന്നാല്‍ ജില്ലകള്‍ക്കകത്ത് മാറ്റം അനുവദിക്കില്ല.പരീക്ഷാ കേന്ദ്രം മാറ്റാനായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. 23ന് പരീക്ഷാ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്ലസ് ടു, വി.എച്ച്.എസ്.സി കുട്ടികള്‍ അവരുടെ സബ്ജക്ട് കോംബിനേഷന്‍ ഉള്ള സ്‌കൂളില്‍ മാത്രമേ അപേക്ഷിക്കാവു.
പത്തനംതിട്ടയിലും എറണാകുളത്തും കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് പരീക്ഷകള്‍ തുടങ്ങിയത്. നേരത്തെ നിശ്ചയിച്ചതുകൊണ്ടും ഉന്നത പഠനത്തെ ബാധിക്കുന്നതുകൊണ്ടും തീയതിയില്‍ മാറ്റമില്ലാതെ പരീക്ഷയുമായി മുന്നോട്ടുപോകാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വേണ്ട സ്‌കൂളുകളിലെല്ലാം നിരീക്ഷണത്തിലുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുയരുകയും പരീക്ഷ മാറ്റിവെക്കുകയുമായിരുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കി അവരെ അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.