കുതിച്ചു ചാടി കോവിഡ് ബാധ; 42 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം. ഇന്നലെ 42 പേര്‍ക്കാണ് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഇത്രയധികം കേസ് ഒരു ദിവസം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗമുക്തി നേരിടുന്നവരുടെ എണ്ണം കുറയുന്നത് ആശങ്കക്കും ഇടയാക്കുന്നുണ്ട്.
ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ മരണം കോവിഡ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി ഖദീജ(73) ആണ് വ്യാഴാഴ്ച ചികില്‍സയിലിരിക്കെ മരിച്ചത്. കണ്ണൂര്‍-12, കാസര്‍കോട്-ഏഴ്, കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍, മലപ്പുറം നാല് വീതം, കോട്ടയം-രണ്ട്, കൊല്ലം, പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടു.
സംസ്ഥാനത്ത് 732 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 216 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 84,258 പേരാണ്. 83,649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്നലെ 162 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 51,310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49,535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7,072 സാമ്പിളുകളില്‍ 6,630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട് -26, കാസര്‍കോട്-21, കോഴിക്കോട്-19, തൃശ്ശൂര്‍-16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.
ഇതുവരെ 91344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരെത്തി. 43 വിമാനത്തില്‍ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്. ബാക്കിയുളളവര്‍ വീടുകളിലും നിരീക്ഷണത്തിലുമുണ്ട്. നിലവില്‍ 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.