കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

95

ന്യൂഡല്‍ഹി: കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീക്കം. മെയ് 31 വരെയായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍. പൊതുഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനും ഹോട്ടലുകളും റസ്റ്റാറന്റുകളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിപ്പിക്കാനും ഉപാധികളോടെ നാലാം ഘട്ടത്തില്‍ അനുമതി നല്‍കിയേക്കും.
ഓട്ടോറിക്ഷകളും ക്യാബ് സര്‍വീസുകളും രണ്ടു യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയേക്കും. അനുമതിയുള്ള സംസ്ഥാനങ്ങള്‍ തമ്മില്‍ ആഭ്യന്തര വിമാന സര്‍വീസുകളും അനുവദിക്കും. അതേസമയം റെഡ് സോണുകളില്‍ മെട്രോ സര്‍വീസുകള്‍ക്ക് തല്‍ക്കാലം അനുമതിയുണ്ടാവില്ല. രാജ്യത്തെ മിക്ക മെട്രോ നഗരങ്ങളും റെഡ് സോണിലാണെന്നിരിക്കെ, മെട്രോ സര്‍വീസ് തല്‍ക്കാലമുണ്ടാവില്ലെന്നുറപ്പാണ്. മെയ് 11ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് നാലാംഘട്ട ലോക്ക്ഡൗണിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് കൃത്യമായ ഒരു നിര്‍ദേശവും കേന്ദ്രത്തിന്റെ നാലാംഘട്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി സംസ്ഥാനങ്ങള്‍ക്ക് 11,000 കോടി അനുവദിച്ചിട്ടുണ്ടെന്ന നിലപാടാണ് കേന്ദ്രം ഇത്തവണയും ആവര്‍ത്തിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് നല്‍കിയ പണം വിനിയോഗിക്കാനാണ് കേന്ദ്ര നിര്‍േദശം. അതേസമയം കോവിഡ് ഇല്ലെങ്കിലും പതിവായി കേന്ദ്രം നല്‍കുന്ന വിഹിതം മാത്രമാണ് ഇതെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം നേരിടുന്നതിനായി കേന്ദ്രം പ്രത്യേക ഫണ്ട് നല്‍കിയിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ഇതോടെ നാലാം ഘട്ടത്തിലും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമായി കുടിയേറ്റ പ്രതിസന്ധി മാറും.
ഇതിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3970 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2752 ആയും ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 103 പേരാണ് മരണത്തിന് കീഴടങ്ങിയത്.