കൂടുതല്‍ ഇളവുമായി ലോക്ക്ഡൗണ്‍

പ്രത്യേക ട്രെയിനില്‍ നാടുകളിലേക്ക് മടങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനായി സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കുന്നു

നിയന്ത്രണം റെഡ് സോണിലേക്കും കണ്ടെയ്ന്‍മെന്റ് ഏരിയയിലേക്കും ചുരുക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടച്ചിടല്‍ രോഗബാധിതര്‍ കൂടുതലുള്ള റെഡ് സോണുകളിലേക്കും രോഗവ്യാപനം ശക്തമായ കണ്ടെയന്‍മെന്റ് ഏരിയകളിലേക്കുമായി ചുരുക്കുന്നു. മറ്റു പ്രദേശങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാറും ഇന്നലെ സംസ്ഥാന സര്‍ക്കാറുമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. രണ്ടാംഘട്ട അടച്ചിടല്‍ അവസാനിക്കുന്ന നാളെ മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളുടെ പ്രസക്ത ഭാഗം ഇങ്ങനെ:
രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളാക്കി തിരിക്കും. കോവിഡ് കേസുകള്‍ കൂടുതലുള്ളതും രോഗ ഇരട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നതുമായ ജില്ലകളാണ് റെഡ് സോണ്‍. തീരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ കഴിഞ്ഞ 21 ദിവസത്തിനിടെ ഒറ്റ പുതിയ കേസും സ്ഥിരീകരിക്കാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ സോണ്‍. ഇവ രണ്ടിലും വരാത്ത എല്ലാ പ്രദേശങ്ങളും ഓറഞ്ച് സോണിലായിരിക്കും. റെഡ് സോണുകളിലും ഇതിനകത്തെ കണ്ടെയ്ന്‍മെന്റ് ഏരിയകളിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മറ്റ് സോണുകളില്‍ ഇളവുകള്‍ ലഭിക്കും.
വ്യോമ, റെയില്‍, മെട്രോ സര്‍വീസുകള്‍ക്ക് എല്ലാ സോണിലും വിലക്ക് തുടരും. റോഡ് മാര്‍ഗമുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നിലനില്‍ക്കും. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, കായിക വിനോദങ്ങള്‍, മതപരമായ ചടങ്ങുകള്‍, ആചാരങ്ങള്‍, പരിപാടികള്‍, മത-സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുകള്‍ എന്നിവക്കും എല്ലാ സോണുകളിലും വിലക്ക് തുടരും.
സി.ആര്‍.പി.സി 144 പ്രകാരം രാത്രി ഏഴിനും പുലര്‍ച്ചെ ഏഴിനും അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് വിലക്കി ജില്ലാ ഭരണകൂടങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം.
65നു മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ എല്ലാ സോണുകളിലും വീടുകളില്‍ തന്നെ കഴിയണം.
കണ്ടെയ്്ന്‍മെന്റ് ഏരിയയില്‍ ഒഴികെ എല്ലാ സോണിലും ഒ.പികള്‍ അനുവദിക്കും. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണം.
ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഓട്ടോ ടാക്‌സികള്‍ക്കും ജില്ലകള്‍ക്കകത്ത് സര്‍വീസ് നടത്തുന്നതിന് ബസുകള്‍ക്കും വ്യവസ്ഥകളോടെ അനുമതി.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു സമയത്ത് 33 ശതമാനം ജീവനക്കാര്‍ എന്ന നിലയില്‍ ക്രമീകരിച്ച് തുറന്നു പ്രവര്‍ത്തിക്കാം.
ഗ്രാമീണ മേഖലകളില്‍ ഇന്‍ഡസ്ട്രിയല്‍, കണ്‍സ്ട്രക്ഷന്‍, തൊഴിലുറപ്പ് പ്രവൃത്തികള്‍ക്കും അനുമതി