മനില: തടവുകാരുടെ ബാഹുല്യം കാരണം വീര്‍പ്പുമുട്ടുന്ന ഫിലിപ്പീന്‍സിലെ ജയിലുകളില്‍ കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നു. മുന്നൂറിലേറെ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുയും നാലുപേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫിലിപ്പീന്‍ അധികൃതര്‍ ഭീതിയിലാണ്. ജയിലുകളില്‍ ജോലി ചെയ്യുന്ന അനേകം പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഭീഷണി കണക്കിലെടുത്ത് പതിനായിരത്തോളം തടവുകാരെ സുപ്രീംകോടതി ഉത്തരവുപ്രകാരം വിട്ടയച്ചു. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഫിലിപ്പീന്‍സിലെ ജയിലുകള്‍ കോവിഡ് പ്രഭവ കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജയിലുകളുള്ള രാജ്യമാണ് ഫിലിപ്പീന്‍സ്. തടവുകാരുടെ ബാഹുല്യം ഏറെയുള്ളതും ഇവിടെ തന്നെയാണ്. 2016ല്‍ മയക്കുമരുന്നു വേട്ടയുടെ പേരില്‍ തുടങ്ങിയ കിരാതമായ സൈനിക നടപടിക്കിടെ 2.20 ലക്ഷം പേരെ അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് ആളുകളെ വേറെയും താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്. പല ജയിലുകളും അഞ്ഞൂറു ശതമാനം തടവുകാര്‍ അധികമുണ്ട്. ജയിലുകളില്‍ കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നത് തടവുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ‘ഞങ്ങള്‍ മരണം കാത്തു കഴിയുകയാണ്. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു’-61കാരനായ തടവുകാരന്‍ അല്‍ജസീറയോട് പറഞ്ഞു. മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും തടവുകാര്‍ തിങ്ങിക്കൂടുന്നത് രോഗം വ്യാപിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പൂര്‍ത്തിയായ പരിശോധനകളില്‍ ഭൂരിഭാഗം ഫലങ്ങളും പോസീറ്റിവാണ്. ചില ജയിലുകള്‍ക്ക് സമീപം അന്താരാഷ്ട്ര റെഡ്ക്രോസ് നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ട്.