കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മെയ് 27ന് ബുധനാഴ്ച ‘ഭവന രോഷം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. വൈകുന്നേരം 5 മണി മുതല്‍ 5.30 വരെ പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് മുന്നില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടാണ് പ്രതിഷേധം. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ നിരപരാധികളെ വേട്ടയാടുകയും ജയിലിലിടുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടി അപലപനീയമാണ്.
സാമ്പത്തിക പാക്കേജിന്റെ പേരു പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയും വന്‍കിട കോര്‍പ്പറേറ്റുകളുടെ ശതകോടി ബാധ്യതകള്‍ കോവിഡിന്റെ മറവില്‍ എഴുതിത്തള്ളുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. അന്യദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്.
പ്രവാസികളോടും സ്വന്തം നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോടും ചിറ്റമ്മ നയം പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി എന്നു പറയുകയും എന്നാല്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ കോവിഡ് സ്ഥിരീകരിച്ച രോഗികള്‍ക്ക് പോലും കടത്തിണ്ണയില്‍ കിടക്കേണ്ടി വരികയുണ്ടായി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍. എ, സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജി, കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, പി. എം.എ സലാം, ആബിദ് ഹുസൈ ന് തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി സംസാരിച്ചു.