പ്രവാസികളും ഇതര സംസ്ഥാനത്തെ മലയാളികളും ദുരിതക്കയത്തില്‍: എം.കെ മുനീര്‍
കേന്ദ്ര കേരള സര്‍ക്കാറുകളുടെ കെടുകാര്യസ്ഥതയും തമ്മിലടിയും മൂലം പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളികളും ദുരിതക്കയത്തിലാണെന്നും ഇതിനു അടിന്തര പരിഹാരമുണ്ടാവണമെന്നും മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപ നേതാവുമായ ഡോ.എം.കെ മുനീര്‍. പ്രതിപക്ഷ വിമര്‍ശനം നിര്‍ത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശത്ത് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരെല്ലാം മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്താണ്. പ്രസവം അടുത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് തിരിക്കാനാവാതെ കണ്ണീരിലാണ്. അവരെ മറികടന്ന് പലരും വരുന്നുമുണ്ട്. എമ്പസികളും കോണ്‍സുലേറ്റുകളും നോര്‍ക്കയുമെല്ലാം പരസ്പര സഹകരണമില്ലാതെ പോകുന്നതിന്റെ പ്രത്യാഘാതം വളരെ വലുതാണ്.
ഗള്‍ഫിന്റെ ചുമതലയുളള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രിയും ഈ പ്രതിസന്ധി പരിഹരിക്കാന്‍ പരസ്പരം ധാരണയോടെ മുന്നോട്ടു പോകണം. ഈഗോ കാണിക്കേണ്ട സമയമല്ലിത്. ആഴ്ചയില്‍ രണ്ടായിരം പ്രവാസി മലയാളികള്‍ക്ക് മടങ്ങിവരവിനുള്ള അനുമതിയാണ് ഇപ്പോഴുള്ളത്. ആഴ്ചയില്‍ 67000 പേര് വന്നിരുന്ന സ്ഥാനത്താണിത്. രജിസ്റ്റര്‍ ചെയ്ത അഞ്ചു ലക്ഷത്തില്‍ മുന്‍ഗണനയിലുള്ള ഒന്നര ലക്ഷത്തെ എത്തിക്കാന്‍ പോലും മാസങ്ങളെടുക്കുന്ന രീതിയാണിപ്പോഴുളളത്. മുമ്പ് സര്‍വ്വീസ് നടത്തിയ വിമാനങ്ങള്‍ക്കെല്ലാം അനുമതി നല്കിയാല് രണ്ടാഴ്ച കൊണ്ട് പ്രശ്നം ലഘൂകരിക്കപ്പെടും.
എമിറേറ്റ് ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടും സമ്മതം അറിയിക്കാതെ ചിലര്‍ക്ക് തിരിച്ചു വരവിന് വിമാനാനുമതി നല്‍കിയതിനെ മഹാ സംഭവമാക്കുകയാണ്. അവരുടെ പണം ഉപയോഗിച്ച് പ്രവാസികള്‍ വരുന്നതില്‍ ഇരു ഭരണകൂടങ്ങള്‍ക്കും വലിയ റോളൊന്നുമില്ല. കേന്ദ്രത്തിന്റെ പ്രത്യേക ഫണ്ടില്ലാതെ തന്നെ വിദേശത്തെ കോണ്‍സുലേറ്റിന്റെ കൈവശമുള്ള 10000 കോടിയുടെ ആശ്വാസ കരുതല്‍ ധനം എടുത്താല്‍ സാധ്യമാകുന്നതാണ് സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ. സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിച്ച കോവിഡ് ഫണ്ടില്‍ നിന്നോ ദുരിതാശ്വാസ നിധിയില്‍ നിന്നോ പ്രവാസികള്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്കയും വിദേശത്ത് ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമാണ്.
ഇതിന്റെ മറ്റൊരു പതിപ്പാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന ഭരണകൂടം കാണിക്കുന്ന അവഗണന. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മറ്റു സംസ്ഥാനങ്ങളില്‍ പെട്ടുപോയ മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കാന്‍ പോലും ആയിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെ ബാംഗ്ലൂരിലും കോയമ്പത്തൂരും ചെന്നൈയിലും ഹൈദരാബാദിലും അകപ്പെട്ടവരെ മടക്കി കൊണ്ടു വരാന്‍ കെ.എസ്.ആര്. ടി.സി ബസ്സുകള്‍ പോലും അയച്ചില്ല. അതിന് തയാറാകാതെ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ക്ലേശം സഹിച്ച് കേരള അതിര്‍ത്തിയില്‍ എത്തിയവര്‍ക്ക് ഇങ്ങോട്ട് പ്രവേശിക്കാന്‍ പോലും അനുമതി നിഷേധിച്ച് മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാല പറഞ്ഞ് തടയുന്നത് ക്രൂരതയാണ്. അവരും ഈ നാടിന്റെ മക്കളാണെന്ന് മറന്നുപോവരുത്.
തിരിച്ചെത്തുന്നവരുടെ ക്വാറന്റൈന് കാലാവധിയില്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ ഭിന്നിപ്പാണ്. 14 ദിവസം സര്‍ക്കാര്‍ ക്വോറന്റൈനും 14 ദിവസം ഹോം ക്വോറന്റൈനും വേണമെന്ന് കേന്ദ്രം പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു ഏഴും ഏഴും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്ര ഗൗരവമായ വിഷയത്തില്‍ പോലും ഭിന്ന നിലപാട് ഒരു മഹാമാരിയെ നേരിടുമ്പോള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എല്ലാ സഹായവും സര്‍ക്കാറിന് പ്രതിപക്ഷം ആവര്‍ത്തിച്ചു ഉറപ്പു നല്കുന്നു. പ്രതിപക്ഷവും സംഘടനകളും സ്വന്തം നിലക്കും സഹായം ചെയ്യും. മുഖ്യമന്ത്രിയുടെ തിട്ടൂരം ഉണ്ടെങ്കിലേ ആരെയെങ്കിലും സഹായിക്കാവൂ എന്നു വേണ്ടെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.