കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: മുസ്‌ലിം സംഘടനാ യോഗം

36
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമീപം

മലപ്പുറം: രാജ്യംമഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്്‌ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ തന്നെ സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
മഹാമാരിയുടെ മറവില്‍ ബി.ജെ.പി അവരുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഡല്‍ഹി പൊലീസ് പച്ചയായ മുസ്‌ലിം വേട്ട തുടരുകയാണ്. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ (ഡി.എം.സി) ചെയര്‍മാന്‍ സഫറുല്‍ ഇസ്്‌ലാം ഖാനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഇതിനുദാഹരണമാണ്. പൊലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചു നല്‍കിയ കൃത്യമായ റിപ്പോര്‍ട്ടാണ് ഒരു ഭരണഘടനാ സമിതി അധ്യക്ഷനെ രാജ്യദ്രോഹിയാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് നയിച്ചവരെല്ലാം ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ ശത്രുക്കളാണ്.
രാജ്യം നേരിടുന്ന അപകടകരമായ അവസ്ഥക്കെതിരെ യോജിച്ചുള്ള പ്രതിഷേധം അനിവാര്യമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തി ന്യൂനപക്ഷ വേട്ടക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ല കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ), സി.പി ഉമര്‍ സുല്ലമി (കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്‌റഫ് (വിസ്ഡം), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പ്രഫ എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് ജമാഅത്തെ ഇസ്‌ലാമി പങ്കെടുത്തു.