കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

8

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണത്തില്‍ വന്‍വര്‍ധന. ഇന്നലെ 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വര്‍ധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ മൂന്നു പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്തെത്തിയതാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് -18, പാലക്കാട് -16, കണ്ണൂര്‍ -10, മലപ്പുറം -8, തിരുവനന്തപുരം -7, തൃശൂര്‍ – 7, കോഴിക്കോട് -6, പത്തനംതിട്ട -6, കോട്ടയം – 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍-93, കാസര്‍കോട്-63 എന്നിങ്ങനെയാണ് കണക്ക്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് ഇന്നലെ നെഗറ്റീവായത്.
526 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 1,15,297 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,14,305 പേര്‍ വീടുകളിലും 992 പേര്‍ ആസ്പത്രികളിലുമാണ്. 210 പേരെ ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 58,460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9,937 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 9,217 എണ്ണം നെഗറ്റീവായി. ഇന്നലെ പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.