276 പേര് കോവിഡ് കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍
കൊച്ചി: കൊച്ചിയില്‍ ചൊവ്വാഴ്ച രണ്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായെത്തിയ 513 യാത്രക്കാരില്‍ അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ദമാമില്‍ നിന്നെത്തിയ നാലു പേരെയും കപ്പല്‍ വഴി മാലിദ്വീപില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിനിയെയുമാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 276 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. 154 പേരെ നിരീക്ഷണത്തില്‍ കഴിയണമെന്ന കര്‍ശന നിര്‍ദേശം നല്കി വീടുകളിലേക്കും അയച്ചു. ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിലെത്തിയ ദമാം-കൊച്ചി വിമാനത്തില്‍ 76 ഗര്‍ഭിണികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേരെയാണ് എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയും ഇവരുടെ അഞ്ചു രണ്ടും വയസുള്ള കുട്ടികളുമാണ് മെഡിക്കല്‍ കോളജിലുള്ളത്. ഈ വിമാനത്തിലെത്തിയ 67 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 103 പേരെ സ്വന്തം വീടുകളിലേക്കും നീരീക്ഷണത്തിനായി അയച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള പത്തു പേരെ വീടുകളിലും നാലു പേരെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസര്‍ക്കോട്-1, കോഴിക്കോട്-3, വയനാട്-1, മലപ്പുറം-3, പാലക്കാട്-3, തൃശൂര്‍-17, കോട്ടയം-25, ആലപ്പുഴ-30, ഇടുക്കി-10 പത്തനംതിട്ട-10, കൊല്ലം-46, തിരുവനന്തപുരം-11 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ അന്തിമ കണക്ക്.
പത്ത് വയസില്‍ താഴെയുള്ള പത്തു കുട്ടികളും 18 ഗര്‍ഭിണികളും അടക്കം 137 യാത്രക്കാരാണ് സിംഗപ്പൂര്‍-കൊച്ചി വിമാനത്തില്‍ എത്തിയത്. ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. 86 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 51 പേരെ വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചു. എറണാകുളത്ത് നിന്നുള്ള 17 പേരില്‍ രണ്ടു പേരെ വീടുകളിലും 15 പേരെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. കൊല്ലം-20, എറണാകുളം-17, തിരുവനന്തപുരം-15, കോട്ടയം-13, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് (12) എന്നി ജില്ലകളില്‍ നിന്നായിരുന്നു കൂടുതല്‍ പേര്. ചൊവ്വാഴ്ച വൈകിട്ടോടെ മാലിദ്വീപില്‍ നിന്ന് എത്തിയ നാവിക സേന കപ്പലായ ഐ.എന്‍.എസ് മഗറിലെ 202 യാത്രക്കാരില്‍ തമിഴ്നാട് സ്വദേശിനിയായ 25 വയസുള്ള ഗര്ഭിണിയെയാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സംഘത്തിലെ 123 പേരെ എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. 13 സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ചണ്ഡീഗഢില്‍ നിന്നുമുള്ള യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരെയും കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലാക്കി.