കൊച്ചി വഴി ഇതുവരെ മടങ്ങിയെത്തിയത് 2443 പ്രവാസികള്‍

28

 

ദുബൈയില്‍ നിന്നെത്തിയ
നാലു പേര്‍
ചികിത്സയില്‍

 

വിദേശത്ത് നിന്ന് കൊച്ചി വിമാനത്താവളം, തുറമുഖം വഴി ഇതുവരെ കേരളത്തില്‍ തിരിച്ചെത്തിയത് 2443 പ്രവാസികള്‍. മെയ് ഏഴു മുതല്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം എട്ടു വിമാനങ്ങളിലായി 1543 പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ ഇതര സംസ്ഥാനക്കാരായ ചില യാത്രക്കാരും ഉള്‍പ്പെടും. അബുദാബി, ബഹ്‌റൈന്‍, ദോഹ, കുവൈറ്റ്, മസ്‌ക്കറ്റ്, ക്വലാലംപൂര്‍, ദുബൈ , സിംഗപ്പൂര്‍, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചെത്തിയത്. മാലിദ്വീപില്‍ നിന്ന് രണ്ടു കപ്പലുകളിലായി 900 പേരും കൊച്ചി തുറമുഖം വഴി തിരിച്ചെത്തി. മാലിദ്വീപില്‍ നിന്ന് 202 യാത്രക്കാരുമായി നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഇന്നലെ വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. സിംഗപ്പൂര്‍, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വിമാന സര്‍വീസുകളും ചൊവ്വാഴ്ച കൊച്ചിയിലെത്തി. രാത്രി 10.50ന് ബെംഗളൂരു വഴി സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തില്‍ 131 യാത്രക്കാരാണുണ്ടായിരുന്നത്. കാസര്‍ക്കോട്-1, കണ്ണൂര്‍-10, കോഴിക്കോട്-11, വയനാട്-1, മലപ്പുറം-9, പാലക്കാട്-5, തൃശൂര്‍-12, എറണാകുളം-14, കോട്ടയം-14, ആലപ്പുഴ-10, ഇടുക്കി-2 പത്തനംതിട്ട-6, കൊല്ലം-20, തിരുവനന്തപുരം-16 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം. ബെംഗളൂരില്‍ നിന്നുള്ള ഒരാളും കൊച്ചിയിലിറങ്ങി. സിംഗപ്പൂരില്‍ നിന്ന് 180 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലെ 49 യാത്രക്കാര്‍ ബെംഗളൂരില്‍ ഇറങ്ങി. രാത്രി എട്ടു മണിയോടെ ലാന്‍ഡ് ചെയ്ത ദമാം-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ യാത്രക്കാരായിരുന്നു കൂടുതലും. ഒരു തമിഴ്‌നാട് സ്വദേശിയും ഈ വിമാനത്തിലെത്തി. അതേസമയം, പ്രവാസികളുമായി ദുബൈയില്‍ നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരായ അഞ്ചു പേരെ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ദുബൈയില്‍ നിന്നും രാത്രി നെടുമ്പാശേരിയിലെത്തിയ വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 87 പുരുഷന്മാരും 91 സ്ത്രീകളുമായിരുന്നു യാത്രക്കാര്‍. പത്തു വയസില്‍ താഴെയുള്ള 10 കുട്ടികളും 26 ഗര്‍ഭിണികളും സംഘത്തിലുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേരെയാണ് ചികിത്സക്കായി നിര്‍ദേശിച്ചത്. കോട്ടയം, തൃശൂര്‍, ആലപ്പുഴ സ്വദേശികളായ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ കോളജിലും പാലക്കാട് സ്വദേശികളായ രണ്ടു പേരെ പാലക്കാട് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിനായി അയച്ചു.കെഎസ്ആര്‍ടിസി ബസുകളിലും സ്വകാര്യ ടാക്‌സികളിലും എയര്‍പോര്‍ട്ട് ടാക്‌സികളിലുമായാണ് യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. കാസര്‍ക്കോട്-3, കോഴിക്കോട്-2, മലപ്പുറം-4 പാലക്കാട്-16 തൃശൂര്‍-54, എറണാകുളം-33, കോട്ടയം-37, ആലപ്പുഴ-12, ഇടുക്കി-5, പത്തനംതിട്ട-7 കൊല്ലം-2, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് ഈ വിമാനത്തില്‍ എത്തിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള എണ്ണം. എറണാകുളം ജില്ലയില്‍ നിന്നുള്ള 33 പേരില്‍ 17 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 16 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.