കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെന്റിലേറ്ററുകള്‍ വ്യാജന്‍; നാണം കെട്ട് ഗുജറാത്ത് സര്‍ക്കാര്‍

155
വെന്റിലേറ്റര്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വിജയ് രൂപാണി

അഹമ്മദാബാദ്: കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാജ വെന്റിലേറ്റര്‍ സ്ഥാപിച്ച സംഭവം പുറത്തായതോടെ നാണക്കേടിലായി ഗുജറാത്ത് സര്‍ക്കാര്‍. വെന്റിലേറ്ററുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്നും ആവശ്യമായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്.
അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സുഹൃത്തിന്റെ കമ്പനിയുടേതാണ് വെന്റിലേറ്ററുകളെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ ഗുജറാത്ത് മോഡലെന്ന അവകാശ വാദങ്ങളുടെ വായടപ്പിക്കുന്നതിനിടെയാണ് പുതിയ വിവാദവും.
രാജ്കോട്ടിലെ ജ്യോതി സിഎന്‍സി എന്ന കമ്പനിയാണ് ധാമന്‍ വണ്‍ എന്ന പേരില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത്. രോഗവ്യാപന തോത് കൂടിയ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയടക്കം ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവരുടെ 900 വെന്റിലേറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു. വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിട്ട സമയത്ത് വലിയ നേട്ടമായാണ് സര്‍ക്കാര്‍ ഇത് അവതരിപ്പിച്ചത്. പക്ഷെ ഇവ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയതോടെയാണ് കള്ളിപുറത്തായത്.
വെന്റിലേറ്റര്‍ പോലെ കാണുമ്പോള്‍ തോന്നുമെങ്കിലും വ്യാജനാണെന്ന് ഡോക്ടര്‍മാര്‍ പരാതിയുമായി രംഗത്തെത്തി. ഇന്നലെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ഇവ വ്യാജ വെന്റിലേറ്ററുകളാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ലൈസന്‍സ് വെന്റിലേറ്ററുകള്‍ക്കില്ല. ഒരു രോഗിയില്‍ മാത്രമാണ് ഉപകരണത്തിന്റെ ഗുണമേന്മ പരിശോധന നടത്തിയത്. പരിശോധന ഒരു എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ വച്ച ശേഷം വേണം എന്നാണ് 2017ലെ മെഡിക്കല്‍ ഡിവൈസസ് റൂളിലെ ചട്ടം. ഇതും പാലിച്ചില്ല.
എന്നാല്‍ ഗുജറാത്ത് സര്‍ക്കാറിന്റെ ഇലക്ട്രോണിക്സ് ആന്റ് ക്വാളിറ്റി ഡെവലപ്മെന്റ് സെന്ററിന്റെ ലൈസന്‍സ് വെന്റിലേറ്ററുകള്‍ക്കുണ്ടായിരുന്നെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. ജനങ്ങളുടെ ജീവന്‍ വച്ചാണ് സര്‍ക്കാര്‍ കളിച്ചതെന്ന് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി പറഞ്ഞു.
മുഖ്യമന്ത്രിയും സുഹൃത്തും ചേര്‍ന്ന് നടത്തിയ തട്ടിപ്പാണ് പുറത്തായതെന്നും ക്രിമിനല്‍ നടപടി നേരിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.