മഹാരാഷ്ട്രയില്‍നിന്ന് യു.പി.യിലെത്താന്‍
ഇന്‍ഡോര്‍: ലോക്ക്ഡൗണിനിടെ നാട്ടിലെത്താന്‍ കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്തവര്‍ പിടിയില്‍. മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍ പ്രദേശിലെ ലക്‌നോവിലേക്ക് പുറപ്പെട്ട 18 കുടിയേറ്റ തൊഴിലാളികളാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസ് പിടിയിലായത്. ട്രക്കിലെ കോണ്‍ക്രീറ്റ് മിക്‌സര്‍ ടാങ്കിനുള്ളില്‍ ഒളിച്ചിരുന്നായിരുന്നു ഇവരുടെ യാത്ര.
വെള്ളിയാഴ്ച ട്രക്കില്‍ യാത്ര പുറപ്പെട്ടത്. ഇന്‍ഡോറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പാന്ത് പിപ്ലായി ഗ്രാമത്തില്‍ പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ഇന്‍ഡോര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉമാകാന്ത് ചൗധരി പറഞ്ഞു.
വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ ബസില്‍ യുപിയിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ കുടിയേറ്റ തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കെത്താന്‍ പലശ്രമങ്ങളും പയറ്റുന്നുണ്ട്.
ദിവസേന ആയിരക്കണക്കിന് തൊഴിലാളികളാണ് മധ്യപ്രദേശ് അതിര്‍ത്തിയിലേക്കെത്തുന്നത്. ശനിയാഴ്ച ജാബുവ-ഗുജറാത്ത് അതിര്‍ത്തിയില്‍ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. യുപിയിലേക്കുള്ള കടക്കുന്നതിനിടെ നാലായിരത്തോളം കുടിയേറ്റ തൊഴിലാളികളെ മധ്യപ്രദേശിലെ ഡേറ്റിയയില്‍ തടഞ്ഞ സംഭവവുമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് 347 കുടിയേറ്റ തൊഴിലാളികളുമായി ഒരു പ്രത്യേക ട്രെയിന്‍ ഭോപ്പാലിലെത്തിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം യാത്രക്കാരെ പ്രത്യേക ബസുകളില്‍ സ്വന്തം സ്ഥലങ്ങളിലേക്ക് അയച്ചു.