കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളുടെ ആദ്യസംഘം ട്രെയിന്‍മാര്‍ഗം നാട്ടിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി 7.30ഓടെയാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും തൊഴിലാളികള്‍ യാത്രതിരിച്ചത്. ജാര്‍ഖണ്ഡിലേക്കുള്ള 1175പേരടങ്ങിയ സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. അതില്‍ അഞ്ച്പേര്കുട്ടികളാണ്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലുള്ളവരാണ് എല്ലാവരും.
സാമൂഹിക അകലം പാലിച്ചാണ് അതിഥി തൊഴിലാളികള്‍ക്ക് ട്രെയിനിയില്‍ ഇരിപ്പിടമൊരുക്കിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി 38 കെ.എസ്.ആര്.ടി.സി ബസുകളിലായാണ് ഇവരെ റെയില്‍വെസ്റ്റേഷനിലെത്തിയത്. കോഴിക്കോട് താലൂക്കില്‍ നിന്ന് 962 പേരും കൊയിലാണ്ടി താലൂക്കില്‍ നിന്ന് 213 പേരുമാണ് ആദ്യസംഘത്തിലുള്ളത്. ട്രെയിനില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും.
കഴിഞ്ഞദിവസങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളില്‍ അന്വേഷണം നടത്തുകയും ജാര്‍ഖണ്ഡില്‍ പോവേണ്ടവരെ കണ്ടെത്തുകയുമായിരുന്നു. ഉദ്യോഗസ്ഥതലത്തില്‍ പരിശോധനനടത്തിയ ശേഷം യാത്രയ്ക്ക് അര്‍ഹരായവരെ കണ്ടെത്തി. രോഗലക്ഷണമുള്ളവരെ അയച്ചിരുന്നില്ല.
യാത്രയ്ക്ക് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യാത്രാ ടിക്കറ്റും നല്കി. ഫേസ്മാസ്ക്, സോപ്പ്, ഫുഡ്കിറ്റ് എന്നിവ നല്കി യാത്രാകോച്ചുകളിലേക്ക് അയച്ചു. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ വരും ദിവസങ്ങളില്‍ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും. കോവിഡിന്റെ ഭീതിയില്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്ത് തന്ന ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയത്.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, എ.കെ ശശീന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എം.കെ രാഘവന് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അതിഥി തൊഴിലാളികള യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.