കോഴിക്കോട് 1186 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

30

22909 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി
ആസ്പത്രിയില്‍ 17 പേര്‍; ഫലം ലഭിക്കാനുള്ളത് 160

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 1186 പേര്‍ ഉള്‍പ്പെടെ 2080 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതുവരെ 22909 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി 6 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേരെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 53 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2266 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2106 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2076 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 160 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. കോവിഡ് 19 പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ആരും ചികിത്സയില്‍ ഇല്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കീഴ് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്നലെ കൗണ്‍സിലിംഗ് നല്‍കി.