കോവിഡിന് അതിവേഗം; ഏറ്റവും രൂക്ഷം ലാറ്റിനമേരിക്കയില്‍

28

24 മണിക്കൂറിനിടെ ലക്ഷത്തിലേറെ രോഗികള്‍

മോസ്‌കോ/ബ്രസീലിയ: കോവിഡ്-19 ലോകത്തിനുമേല്‍ പിടിമുറുക്കുകയാണ്. പുതിയ മേഖലകള്‍ വൈറസിന്റെ ശക്തികേന്ദ്രങ്ങളാകുന്നു. യൂറോപ്പില്‍ വ്യാപനം കുറയുമ്പോള്‍, ലാറ്റിനമേരിക്കയാണ് വൈറസിന്റെ പുതിയ കേന്ദ്രമാകുന്നത്. ഓരോ ദിവസവും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തുന്നത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും അതിവേഗം ഉയരുകയാണ്. റഷ്യയിലും ബ്രസീലിലുമാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. അതേസമയം, ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇപ്പോഴും കൂട്ടമരണം തുടരുകയാണ്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലേറെ ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണിത്. വിവിധ രാജ്യങ്ങളിലായി ഒറ്റ ദിവസം 106000 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ലോകത്താകെ 50,84,934 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,29,719 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊറോണ വൈറസ് ബാധ പിന്നീട് യൂറോപ്പിലാണ് പിടിമുറുക്കിയത്. തുടര്‍ന്ന് അമേരിക്കയിലും മരണം വിതച്ചു. യൂറോപ്പില്‍ രോഗവ്യാപനം കുറഞ്ഞു തുടങ്ങുമ്പോഴാണ് ലാറ്റിനമേരിക്കയില്‍ രൂക്ഷമാകുന്നത്. ലാറ്റിനമേരിക്കയില്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങള്‍ തുടക്കം മുതല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് ഒരു നിയന്ത്രണവും പ്രഖ്യാപിക്കാത്ത ബ്രസീലിനെ വൈറസ് വരിഞ്ഞുമുറുക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ സ്പെയിനിനെയും മറികടന്ന് ബ്രസീല്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2,93,357 പേര്‍ക്കാണ് രോഗം ബാധിച്ചത്. 18,894 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലിന് പുറമെ ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങളിലും കോവിഡ് രൂക്ഷമാകുകയാണ്. മെക്സിക്കോയിലും ചിലിയിലുമാണ് രോഗം അതിവേഗം പടരുന്നത്. മെക്സിക്കോയില്‍ 5666 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിസവം 400-ലേറെ പേരാണ് മരിക്കുന്നത്. ആഴ്ചകളായി ഈ വര്‍ധന തുടരുകയാണ്. 54000-ലേറെ ആളുകള്‍ക്കാണ് മെക്സിക്കോയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിലിയില്‍ 544 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 53617
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പെറുവും ഒരുലക്ഷം കടന്നു. 104020 പേര്‍ക്കാണ് പെറുവില്‍ രോഗം സ്ഥിരീകരിച്ചത്. 3024 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്ന രാജ്യങ്ങള്‍ 12 ആയി. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 15 ലക്ഷത്തിലേറെ രോഗികളാണുള്ളത്. 308705 രോഗബാധിതരുള്ള റഷ്യയാണ് രണ്ടാം സ്ഥാനത്ത്. റഷ്യയില്‍ 2972 പേരാണ് മരിച്ചത്. ബ്രസീല്‍ (293357), സ്പെയിന്‍ (279524), യുകെ (248293), ഇറ്റലി (227364) എന്നിവയാണ് രണ്ട് ലക്ഷം കടന്ന രാജ്യങ്ങള്‍. ഫ്രാന്‍സ് (181575), ജര്‍മനി (178531), തുര്‍ക്കി (152587), ഇറാന്‍ (126949), ഇന്ത്യ (112028), പെറു (104020) എന്നിവയാണ് ഒരുലക്ഷം കടന്നത്. കോവിഡ്-19 മഹാമാരി ഉടനെയൊന്നും അവസാനിക്കില്ലെന്നും ഇനിയുമേറെ ദൂരം വൈറസിനൊപ്പം പോകാനുണ്ടെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസസ് പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് ഗബ്രെയെസസ് പറഞ്ഞു. ലോകത്താകെ 50 ലക്ഷം ആളുകള്‍ വൈറസ് ബാധിതരായിരിക്കുകയാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്.- ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സി പ്രോഗ്രാം വിഭാഗം തലവന്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.