കോവിഡില്‍ പ്രതിരോധം പാളി വയനാട്‌

40

11 ദിവസത്തിനിടെ 13 രോഗികള്‍: റൂട്ട് മാപ്പ് പോലും പ്രസിദ്ധീകരിക്കാനാവാതെ ആരോഗ്യവകുപ്പ്‌

രോഗമികുക്തമായ 32 നാളുകള്‍ക്ക് ശേഷം 11 ദിവസത്തിനിടെ 13 പേര്‍ക്ക് രോഗം ബാധിച്ച വയനാടിന് കോവിഡ് 19 പ്രതിരോധത്തില്‍ ഗുരുതര പാളിച്ച പറ്റിയതായി വിലയിരുത്തല്‍. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്ന് പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ടുകള്‍ വഴി 11 ദിവസത്തിനിടെ 13 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏപ്രില്‍ 25ന് ജില്ലയില്‍ തിരിച്ചെത്തിയ ഡ്രൈവറുടെ സ്രവപരിശോധനക്ക് ഏപ്രില്‍ 29 വരെ കാത്തിരുന്ന ആരോഗ്യവരുപ്പിന്റെ നിസംഗതയാണ് ജില്ലയെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചതെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്നും ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും പരസ്യമായി വിമര്‍ശിച്ച് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഒരു കുടുംബത്തിലെ 8 പേര്‍ക്ക് രോഗം ബാധിച്ചതും സംസ്ഥാനത്താദ്യമായി സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വയനാടിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഇതിനൊപ്പം ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസുകാരെയും ക്വാറന്റൈനിലാക്കുകയും മാനന്തവാടി സ്റ്റേഷന്‍ തന്നെ പൂട്ടിയിടേണ്ടിയും വന്നു. രോഗവാഹകനായ കഞ്ചാവുപ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്ന് പൊലീസുകാര്‍ക്ക് രേഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ എസ്.പി അടക്കമുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട സാഹചര്യമാണ് നിലവില്‍.
ഏപ്രില്‍ ഒന്ന് വരെ ജില്ലയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് കോവിഡ് 19 ബാധിച്ചിരുന്നത്. ഇതിന് ശേഷം മെയ് 2 വരെ ജില്ലയില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്്തുമില്ല. എന്നാല്‍ മെയ് 2 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ക്കിടെ 13 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്ഥിതി കൈവിട്ടുപോയത്. ഇയാളുടെ കുടുംബത്തിലെ എട്ടംഗങ്ങള്‍ക്കുള്‍പ്പെടെ 11 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇവരുള്‍പ്പെടെ 22 പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1956 ആയി ഉയര്‍ന്നു. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 871 സാമ്പിളുകളില്‍ 749 ആളുകളുടെ ഫലമാണ് ലഭിച്ചത്. ഇതില്‍ 736 എണ്ണം നെഗറ്റീവാണ്. 117 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ ജില്ലയില്‍ നിന്നും 58 സെന്റിനല്‍ സാമ്പിളുകള്‍ കൂടി വ്യാഴാഴ്ച്ച പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 998 സെന്റിനല്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 792 എണ്ണം നെഗറ്റീവാണ്. 206 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഈ ഫലങ്ങള്‍ വരുന്നതോടെ മാത്രമേ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാവൂ.
പൊതുജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടും ഭരണകൂടത്തിന് ഇടക്കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വന്ന ജാഗ്രതക്കുറവും ലോറി ഡ്രൈവര്‍മാരെ ക്വാറന്റൈന്‍ ചെയ്യിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവും കോവിഡ് ബാധിത മേഖലയില്‍ പോയി വന്ന വ്യക്തിയെ പരിശോധിക്കാനെടുത്ത കാലതാമസവുമാണ് ഫലത്തില്‍ വയനാടിന് തിരിച്ചടിയായത്. രോഗം പടന്നുപിടിക്കുമെന്ന ആശങ്കകള്‍ക്കിടയിലും രോഗം ബാധിച്ച കമ്മന സ്വദേശിയായ 20 കാരന്റെ റൂട്ട് മാപ്പ് പോലും പ്രസിദ്ധീകരിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടുപോവുന്നുവെന്ന് ബോധ്യമായതോടെയാണ് മുഴുവന്‍ പഴികളും ഉദ്യോഗസ്ഥരുടെ മേലിട്ട് സി.പി.എം കൈകഴുകാന്‍ ശ്രമിക്കുന്നത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ കനത്ത സമ്മര്‍ദ്ദത്തിലാവുമെന്ന തിരിച്ചറിവില്‍ ഒടവില്‍ തിരുത്തിയെങ്കിലും വയനാട് ഗുരുതരപ്രതിസന്ധിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന്് സി.പി.എം തന്നെ സമ്മതിക്കുന്നു.