കോവിഡില്‍ വലഞ്ഞ് സംസ്ഥാനങ്ങള്‍

20
കോവിഡ് ഭേദമായി മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തവര്‍ പുറത്തേക്ക് വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,263 ല്‍ എത്തി നില്‍ക്കുമ്പോള്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും മഹാരാഷ്ട്രയും ഗുജറാത്തും മുന്നില്‍. കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 688 പുതിയ കേസുകളും 27 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,798 ആയി ഉയര്‍ന്നു. 546 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്.
അതേ സമയം 2000 പേര്‍ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. മുംബൈയില്‍ ഇന്നലെ മാത്രം 441 പുതിയ കേസുകളും 21 മരണങ്ങളും സ്ഥി രീകരിച്ചു. ഇതോടെ മുംബൈ യില്‍ കോവിഡ് ബാധിതരുടെ എണ്ണം 8,613 ആയി. 343 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 590 ആയി. 20 പേരാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈക്ക് പുറമെ പൂനെയിലാണ് മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത്.
പൂനെയില്‍ ഇതുവരെ 103 മരണങ്ങളും 1980 കോവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചത്. കോവിഡ് പടരുന്ന പശ്ചാതലത്തില്‍ മുംബൈ, പൂനെ നഗരങ്ങള്‍ക്കായി കടുത്ത ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് ഇന്ന് മുതല്‍ മുംബൈ, പൂനെ മെട്രോപൊളിറ്റന്‍ മേഖലയില്‍ സ്വകാര്യ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ ്അനുവദിക്കില്ല.
മറ്റ് റെഡ്‌സോണ്‍ മേഖലകളില്‍ ഓഫീസുകള്‍ക്ക് 33 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ അഞ്ച് ശതമാനം ജീവനക്കാരെ മാത്രമേ മുംബൈയിലും പൂനെയിലും അനുവദിക്കൂ. ഇതിനു പുറമെ രണ്ട് നഗരങ്ങളിലും ഇരു ചക്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു.
മഹാരാഷ്ട്രക്ക് പിന്നാലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 28 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 374 പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,428 ആയി ഉയര്‍ന്നു. 896 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയത്. അഹമ്മദാബാദ് (3543), സൂറത്ത് (661), വഡോദര (325) എന്നീ ജില്ലകളിലാണ് കോവിഡ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 74,116 കോവിഡ് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നടത്തിയതായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 290 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ പേരെ ബാധിച്ച മൂന്നാമത്തെ സംസ്ഥാനമായ ഡല്‍ഹിയില്‍ പുതുതായി 384 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 4122 ആയി. 64 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 1256 പേര് കോവിഡ് മുക്തരായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും റെഡ് സോണിലാണെങ്കിലും ഇന്ന് മുതല്‍ ഡല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
156 പേര്‍ കോവിഡ് വൈറസ് ബാധമൂലം മരണപ്പെട്ട മധ്യപ്രദേശില്‍ പുതുതായി 127 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2846 ആയി. 624 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയത്. 1568 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 76 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഇന്‍ഡോറിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.
ആറ് മരണങ്ങളും 106 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 2772 ആയി. 68 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
127 പേര്‍ക്ക് കൂടി പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍ പ്രദേശില്‍ രോഗികളുടെ എണ്ണം 2510 ആയി. 656 പേര്‍ക്ക് കോവിഡ് ഭേദമായപ്പോള്‍ 43 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആറു ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഇന്നലെ പുതുതായി 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3023 ആയി. സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 1257 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 58 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 1583 ആയി. 488 പേര്‍ സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയപ്പോള്‍ 33 പേരാണ് മരിച്ചത്.
13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 614 ആയി. 25 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 293 പേരാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ച പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടു ദിവസത്തിനിടെ വന്‍ വര്‍ധന. ഇന്നലെ 331 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1102 ആയി. 112 പേരാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.
ദക്ഷിണേന്ത്യയില്‍ ആയിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. 458 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1063 ആണ്. കോവിഡ് കേസുകളെ ചൊല്ലി ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ വാക് പോര് നടക്കുന്ന പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിതരുടെ എണ്ണം 1021 ആയി. 33 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.