
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് ദിനേന ഉയരുമ്പോള്‍ വൈറസ് കൂടുതല്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നത് സര്‍ക്കാറുകളെ കടുത്ത ആശങ്കയിലാക്കുന്നു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും.
രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ 24 മണിക്കൂറിലെ പുതിയ കേസുകള്‍ ശരാശരി രണ്ടായിരമായിരുന്നു. മൂന്നാം ഘട്ടത്തില്‍ ഇത് നാലായിരമായി. നാലാം ഘട്ടം ഒരാഴ്ച പിന്നിടുമ്പോള്‍ ഇത് ശരാശരി ആറായിരത്തില്‍ എത്തി നില്ക്കുന്നു. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ അമേരിക്കയും, റഷ്യയും, ബ്രസീലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍.
330 ജില്ലകളില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ തുടങ്ങുമ്പോള്‍ രോഗികളില്ലായിരുന്നു. ഇപ്പോ ള്‍ ഇതില്‍ പകുതി ജില്ലകളിലും കോവിഡ് വൈറസ് എത്തി. കുടിയേറ്റ തൊഴിലാളികള്‍ മടങ്ങുമ്പോള്‍ ഗ്രാമങ്ങളിലേക്ക് വൈറസ് പടരുന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത വന്‍ഭീഷണി. ന്യൂഡല്‍ഹി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് എന്നീ അറുപത് ശതമാനം രോഗികളുള്ള അഞ്ചു നഗരങ്ങളില്‍ സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നില്ല. ഈ മാസം പതിനാറോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തുമെന്ന പ്രസ്താവന നടത്തിയതിന് നീതി ആയോഗ് കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നുലോക്ക്ഡൗണ് ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം ആകുമായിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയ സാഹചര്യത്തില്‍ നേരത്തെ രോഗികളുടെ എണ്ണം കുറവായിരുന്ന സമയത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യവും അവശേഷിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ദിവസേന സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം നേരത്തെ ഉണ്ടായിരുന്നതിന്റെ രണ്ട്, മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ രാജ്യത്ത് കോവിഡ് മൂര്ധന്യാവസ്ഥയിലേക്ക് മാറിയേക്കുമെന്ന മുന്നറിയിപ്പും വെല്ലുവിളി സൃഷ്ടിക്കുന്നു.