ഡിജിപി ഓഫീസിലെ എട്ട് പൊലീസുകാര്‍ക്കും അമ്മ കാന്റീനിലെ ജീവനക്കാര്‍ക്കും കോവിഡ്
ചെന്നൈ: ദക്ഷിണേന്ത്യയില്‍ കോവിഡ് വൈറസ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 500ല്‍ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഇന്നലെ 771 പുതിയ കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 4829 ആയി മാറി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 324 കേ സുകളും ചെന്നൈയിലാണ്. 35 മരണങ്ങളാണ് തമിഴ്നാട്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം സംസ്ഥാനത്ത് കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ ചെന്നൈ നഗരത്തില്‍ കോവിഡ് പൊലീസുകാരിലേക്കും മറ്റും അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം 25 പൊലീസുകാര്‍ക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് തമിഴ്നാട് പൊലീസ് ആസ്ഥാനത്തെ എട്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്മ കാന്റീനിലെ രണ്ട് ജീവനക്കാര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതോടെ തമിഴ്നാട്ടില്‍ ആകെ ആശങ്ക ഉയരുകയാണ്. ചെന്നൈ നഗരത്തിന്റെ വൈറസിന്റെ പ്രധാന പകര്‍ച്ചാകേന്ദ്രമായി മാറിയത് കോയമ്പേട് മാര്‍ക്കറ്റാണ്. ഇവിടുത്തെ തൊഴിലാളികളും വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനെത്തിയവരുമടക്കം പലരും വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ പതിനായിരത്തിലധികം പേരാണ് കോയമ്പേട് മാര്‍ക്കറ്റിലുള്ളത്. ഇടുക്കി പാലക്കാട് മലബാര്‍ മേഖലയിലേക്കും പൊള്ളാച്ചി മേട്ടുപാളയം എന്നിവടങ്ങളിലേക്കും കോയമ്പേട്ടിലെ ലോറി ഡ്രൈവര്‍മാര്‍ മടങ്ങിപ്പോയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്ക പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തി ല്‍ പോകണമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപനത്തിന്റെ കേന്ദ്രമായ കോയമ്പേടില്‍ വന്നു പോയവരെ മൊബൈല്‍ കേന്ദ്രീകരിച്ച് കണ്ടെത്താനാണ് ശ്രമം. ചെന്നൈയിലെ പഴം പച്ചക്കറി ചില്ലറ വില്‍പ്പനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. അതേസമയം രോഗലക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയില്‍ ചികിത്സിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
അടിയന്തര സാഹചര്യം നേരിടാന്‍ കല്യാണമണ്ഡപങ്ങള്‍, സ്കൂളുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജീകരിച്ചിട്ടുണ്ട്. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ രോഗലക്ഷണം ഉള്ള കോവിഡ് ബാധിതരെ മാത്രമേ ആശുപത്രിയില്‍ ചികിത്സിക്കൂ. റെഡ്സോണിലടക്കം മദ്യവില്പന തുടങ്ങാന്‍ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മദ്യവില്പന റെഡ് സോണിന് പുറത്തേക്ക് മാറ്റി.