കോവിഡ് ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു; മരണം 3,164

47

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണിന്റെ നാലാംഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറില്‍ 4,970 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഞായറാഴ്ച 5,242 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുമ്പോഴും, ഇളവുകളില്‍ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേര്‍ മാത്രം. 40 ശതമാനം മാത്രമെന്നര്‍ത്ഥം. മരണം 3164 ആയി. 24 മണിക്കൂറിനിടെ 2350 പേര്‍ക്ക് രോഗ മുക്തി ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് 38.73 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നതായും 2.9 ശതമാനം പേര്‍ മാത്രമാണ് ഐ.സി.യുകളില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ ലക്ഷത്തിന് 4.1 എന്ന തോതിലാണ് മരണ നിരക്കെങ്കില്‍ ഇന്ത്യയില്‍ അത് ലക്ഷത്തിന് 0.2 മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് ഇന്ത്യയിലാണെന്ന് ബ്ലൂംബര്‍ഗ് കോവിഡ് ട്രാക്കര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ നിന്നും 28 ശതമാനം വര്‍ധനവാണ് ഇന്ത്യയിലുണ്ടായിട്ടുള്ളത്. രാജ്യത്തെ മൂന്നിലൊന്നു കോവിഡ് കേസുകളുമുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും മോശം അവസ്ഥ. ഇതിനോടകം 36000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1270 പേരാണ് മരിച്ചത്.
തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 710 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 24,25,742 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്.