കോവിഡ് ബാധിതര്‍ 1,38,000; ഇറാനെ പിന്തള്ളി ഇന്ത്യ ആദ്യ പത്തില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയും. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നതോടെയാണ് ഇറാനെ പിന്തള്ളി ഇന്ത്യ ആദ്യ പത്തില്‍ ഇടംപിടിച്ചതെന്ന് ജോണ്‍ ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലേയും രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യത്തുണ്ടായത്. 6,977 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡ് ഭേദിക്കുന്നത്. 57,720 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 77,103 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുണ്ട്.
1,37,724 ആണ് ഇറാനിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്ക് കൂടുതലാണെങ്കിലും (7451) ഇറാനില്‍ 1,07,713 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ നിലവില്‍ ചികിത്സയില്‍ തുടരുന്ന രോഗികള്‍ 22,560 മാത്രമാണ്. ലോകത്തൊട്ടാകെ 55 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,47,000 കവിഞ്ഞു.
24 മണിക്കൂറിനിടെ 154 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 4,021 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം 58 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 30 പേരും ഗുജറാത്തില്‍ 29 പേരും മധ്യപ്രദേശില്‍ ഒമ്പതു പേരും മരിച്ചു. തമിഴ്‌നാട്ടില്‍ എട്ടു പേരും ഉത്തര്‍പ്രദേശില്‍ ആറു പേരും തെലുങ്കാനയില്‍ നാലുപേരും രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ബിഹാറില്‍ രണ്ടുപേരും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഓരോരുത്തരും മരിച്ചു.