കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു

17
വിയറ്റ്‌നാമിലെ ഹനോയ് വിമാനത്താവളത്തില്‍ യാത്രക്കാരന് ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള പ്രത്യേക നിര്‍ദ്ദേശം നല്‍കുന്ന എയര്‍പോര്‍ട്ട് ജീവനക്കാരി

രോഗികള്‍ കൂടുന്നു, ഭീതിയോടെ റഷ്യ; ലോകത്ത് മരണം 2.77 ലക്ഷം

വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു. മരണം 2,77,007 ആയി ഉയരുകയും ചെയ്തു. ബ്രിട്ടണിലും അമേരിക്കയിലും സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,701 ആയി.
രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യ ജര്‍മ്മനിയെയും ഫ്രാന്‍സിനെയും മറികടന്നു. ഇതോടെ രോഗവ്യാപന തോതില്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തി. റഷ്യയില്‍ പതിനായിരത്തിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതര്‍ രണ്ട് ലക്ഷത്തോളമായി. ബ്രസീലില്‍ 449 പേരും ബ്രിട്ടണില്‍ 626 പേരും ഇന്നലെ മരിച്ചു. ഇറ്റലിയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് കൂടുകയാണ്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. രണ്ടായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടണില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. ലോകത്ത് കോവി ഡ് മുക്തരായവരുടെ എണ്ണം 14,03,966 ആയി.
അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഇത്രയും വര്‍ധനവ് രേഖപ്പെടുത്തുന്നത്.