കോവിഡ് മറയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ വഞ്ചിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

49

മലപ്പുറം: കോവിഡ് മറയാക്കി സ്വകാര്യവത്കരണം ത്വരിതപ്പെടുത്താനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന് ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ അഴിമതിക്കിടയാക്കുന്ന വിധത്തില്‍ വിവാദ തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുമെന്ന് അദ്ദേഹം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിരോധ മേഖലയിലും ഖനിമേഖലയിലും ബഹിരാകാശമേഖലയിലടക്കം കോവിഡ് വ്യാപനത്തിന്റെ മറവില്‍ സ്വകാര്യവത്കരണം കൊണ്ടുവരുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ വിവാദ തീരുമാനമെടുത്തതിനെ ശക്തമായി എതിര്‍ക്കും. ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരും. ലോക്ക്ഡൗണ്‍ മൂലം ദാരിദ്ര്യത്തിലായ അടിസ്ഥാന വിഭാഗങ്ങള്‍ക്കോ കൂട്ടപ്പലായനം നടത്തേണ്ട ഗതികേടിലായ ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കോ അടിയന്തര പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്തരം നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പാലായനത്തിനിടെ കുട്ടികളും സ്ത്രീകളും മരിച്ചുവീഴുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. ഇവര്‍ക്കായി വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി മൗനമാചരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ സന്നദ്ധസംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പോലും അനുകൂല തീരുമാനമെടുക്കുന്നില്ല. ഈ വിഷയത്തില്‍ ഏകാധിപത്യ നിലപാടാണ് കേന്ദ്രത്തിന്. തൊഴിലുറപ്പ് പദ്ധതിക്ക് അല്‍പം തുകമാറ്റിവെച്ചത് മാത്രമാണ് ചെറിയൊരാശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാടു തന്നെയാണ് സംസ്ഥാന സര്‍ക്കാറിനുമുള്ളത്. മുഖ്യമന്ത്രി ദിനേന വാര്‍ത്താ സമ്മേളനം നടത്തിയിട്ടും ഏറ്റവും കാതലായ വിഷയങ്ങളില്‍ തീരുമാനമുണ്ടാകുന്നില്ല. ലോകത്താകമാനം മലയാളികള്‍ മരിച്ചുവീഴുമ്പോള്‍, ഒറ്റപ്പെടലിന്റെ പ്രയാസമനുഭവിക്കുമ്പോള്‍ പട്ടിണിക്കിടക്കുമ്പോള്‍ മലയാളികള്‍ സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവര്‍ മലയാളികളല്ലെന്നാണോ സര്‍ക്കാറിന്റെ നിലപാട്. ക്വാറന്റൈനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ഇവിടെ ഒന്നും ഒരുക്കിയിട്ടില്ല. 2.5 ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2500 പേര്‍ക്ക് മതിയായ സൗകര്യം പോലും കേരളത്തില്‍ ഒരുക്കിയിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.