കോവിഡ് വ്യാപനം; സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും ഒന്നിച്ചു നീങ്ങണമെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം.
സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നേതാക്കള്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കും. നാം നിതാന്തജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകട സാധ്യത ഉണ്ടെന്ന സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും യോജിച്ചു. ലോക്ക്ഡൗണില്‍ ഇളവു വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വ്വകക്ഷിയോഗത്തിലും വരികയുണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട ശേഷം അക്കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ സമീപനവും ഇതുതന്നെയാണ്. ആരാധനാലയം ആകുമ്പോള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുക എന്നത് പ്രയാസമായിരിക്കും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതെല്ലാം തടസ്സമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്രവപരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശവും സര്‍വ്വകക്ഷിയോഗത്തില്‍ വരികയുണ്ടായി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് കിറ്റ് ആവശ്യത്തിന് കിട്ടിയിരുന്നില്ല. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മൂവായിരം വീതം ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കാലവര്‍ഷം തുടങ്ങുകയാണ്. കോവിഡിനു പുറമെ നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം മഴക്കാല രോഗങ്ങള്‍ തടയുക എന്നതാണ്. അതിന് ശുചീകരണം അനിവാര്യമാണ്. വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണദിനമായിരിക്കും. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം. മുഴുവന്‍ ആളുകളും വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകും.
ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ ഇതിനുവേണ്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എല്ലാവരും അത് സ്വീകരിച്ചു എന്നതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷിനേതാക്കളോടും സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.വി. ഗോവിന്ദന്‍, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, പെി.ജെ ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരന്‍മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.