കോവിഡ് 19: മലപ്പുറം ജില്ലക്കാരായ രണ്ട് പ്രവാസികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

26

വൈറസ് ബാധിച്ചവര്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷനില്‍

മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ സംസ്ഥാനത്തെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ഐസൊലേഷനിലാണ്.
ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിലെ യാത്രക്കാരനാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ദുബൈ അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി എട്ടിന് പുലര്‍ച്ചെ 1.30 ന് പ്രത്യേകം സജ്ജമാക്കിയ 108 ആംബുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചു.
ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി എത്തിയത്. അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. ഏഴിന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സില്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലാക്കി. എട്ടിന് രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഈ രണ്ട് പേരും മലപ്പുറം സ്വദേശികളെങ്കിലും മറ്റ് ജില്ലകളില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുമായി ആരോഗ്യ വകുപ്പ് നേരിട്ട് ദിവസേന ബന്ധപ്പെടുന്നുണ്ട്. എങ്കിലും വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആസ്പത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രേള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ – 0483 2737858, 2737857, 2733251, 2733252, 2733253.