കോവിഡ്: 30,000 പിന്നിട്ട് മഹാരാഷ്ട്ര

23
ലോക്ക്ഡൗണ്‍ കാരണം സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രവാഹം. കാണ്‍പൂരില്‍ നിന്നുള്ള ചിത്രം

ന്യൂഡല്‍ഹി/ ചെന്നൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,706 ആയി. ഇന്നലെ 1606 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ 1135 ആയി. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ ഇന്നലെ 884 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 18,396 ആയി. 696 പേരാണ് മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം 1198 ആയി. ഗുജറാത്തില്‍ ഇന്നലെ 348 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 10,989 ആയി. 625 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. യു.പിയില്‍ ഇന്നലെ 195 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 4140 ആയി. 95 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കര്‍ണാടകയില്‍ 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകള്‍ 1092 ആയി. 36 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ദക്ഷിണേന്ത്യയില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടായ തമിഴ്‌നാട്ടില്‍ ഇന്നലെ പുതുതായി 477 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയി. 10,588 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും എത്തിയവരും 81 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരും ഏഴ് പേര്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ ആന്ധ്രയില്‍ നിന്നും തിരിച്ചെത്തിയവരാണ്.
3,13,639 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്. 2,99,176 പേരെ തമിഴ്‌നാട്ടില്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അതേ സമയം ഡല്‍ഹിയിലും കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ശനിയാഴ്ച 438 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 9,333 ആയി ഉയര്‍ന്നു. 129 പേരാണ് കൊവിഡ് ബാധിച്ച് ഇത് വരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര്‍ മരിക്കുകയും 408 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 3,926 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്.