ക്വാറന്റീന്‍ സൗകര്യമില്ല നാലര മണിക്കൂര്‍ പ്രവാസികള്‍ പെരുവഴിയില്‍

കാസര്‍കോട്: കുവൈത്തില്‍നിന്നു നാട്ടിലേക്കുവരുന്നവരുടെ വിവരങ്ങള്‍ കൈമാറാത്തതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നു കാസര്‍കോട്ടേക്ക് പുറപ്പെട്ട പ്രവാസികള്‍ കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവില്‍ കുടുങ്ങിയത് നാലര മണിക്കൂര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി രണ്ടു ബസ്സുകളിലായി ബുധനാഴ്ച പുറപ്പെട്ട 14 പ്രവാസികളാണ് കാലിക്കടവ് അതിര്‍ത്തിയില്‍ തടയപ്പെട്ടത്.
ഒരു ബസില്‍ 12ഉം മറ്റേ ബസില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍ പ്രവാസികള്‍ എത്തിയത്. യാത്ര തുടങ്ങിയതിനു ശേഷം ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ ലഭ്യമായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്തീകളുള്‍പ്പെടെയുള്ള യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. തൃക്കരിപ്പൂര്‍, പിലിക്കോട്, നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ പോകേണ്ടവരാണിവര്‍. ബസുകള്‍ എത്തുമ്പോള്‍ അതിര്‍ത്തിയില്‍ ഇവരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഒരു നഴ്‌സും രണ്ടു വളണ്ടിയര്‍മാരും മാത്രമാണ് ഉണ്ടായത്. സ്‌കൂള്‍ ഡ്യുട്ടിയുള്ളതിനാല്‍ കുറെപേര്‍ അങ്ങോട്ടുപോയിരുന്നു. റവന്യു ഉദേ്യാഗസ്ഥരും കുറവായിരുന്നു.
ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തിത്തരണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടപ്പോള്‍, സ്ഥലത്തുണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍, അതിനായി ആയിരം രൂപ വീതം അടക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഔട്ട് പാസില്‍ വരുന്നവരാണെന്നും കാശില്ലെന്നും പറഞ്ഞെങ്കിലും അനുവദിച്ചില്ല. ബസില്‍ എത്തിയവര്‍ അതിര്‍ത്തിയില്‍ ഇറങ്ങിനടക്കുന്ന സാഹചര്യമുണ്ടായി. നാട്ടുകാര്‍ ഇടപെട്ടതോടെ തര്‍ക്കമായി. ഇതിനിടെ റവന്യു ഉേദ്യാഗസ്ഥനായ അരുണ്‍, ചന്തേര സിഐ കെപി സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടതിനുശേഷമാണ് വൈകുന്നേരം നാലു മണിയോടെ പ്രശ്‌നം പരിഹരിച്ചത്.