കൊച്ചി: മാലിദ്വീപില്‍ നിന്ന് നാവികസേനയുടെ കപ്പലില്‍ ഇന്നലെ കൊച്ചിയിലെത്തിയ യാത്രക്കാര്‍ക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് പോവാനായി തുറമുഖത്ത് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. മണിക്കൂറുകളെടുത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തെത്തിയ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ഒരുക്കിയ വാഹനങ്ങള്‍ക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തുനില്‍ക്കേണ്ടി വന്നത്. ഞായറാഴ്ച രാവിലെ 9.22നാണ് കപ്പല്‍ തുറമുറഖത്തെത്തിയത്. 19 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 103 സ്ത്രീകള്‍ കപ്പലിലുണ്ടായിരുന്നു. ഗര്‍ഭിണികള്‍ക്കും അവശത അനുഭവിക്കുന്നവര്ക്കുമായിരുന്നു കപ്പലിന് പുറത്തേക്കിറങ്ങാനുള്ള പരിശോധനയില്‍ മുന്‍ഗണന. രണ്ടര മണിക്കൂറോളം നീണ്ട പരിശോധനകളാണ് തുറമുഖത്ത് ഉണ്ടായിരുന്നത്. ഇതിന് ശേഷം വാഹനങ്ങളില്‍ കയറി സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ പാളിച്ച മനസിലാക്കിയത്. സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണനേതൃത്വത്തിനുമായിരുന്നു യാത്രക്കാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കാനുള്ള ചുമതല. ഇതിനായി നാല്പതോളം കെഎസ്ആര്‍ടിസി ബസുകള്‍ തുറമുഖത്ത് ഒരുക്കിയിരുന്നെങ്കിലും യാത്ര പുറപ്പെടാന്‍ പിന്നെയും മണിക്കൂറുകളെടുത്തു. ഇതേ തുടര്‍ന്ന് ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ തുറമുഖത്തിന് പുറത്ത് പൊരിവെയിലത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയായി.
ഗര്‍ഭിണികള്‍ക്ക് പോവാന്‍ പ്രത്യേക ടാക്സി കാറുകള്‍ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും ബസുകള്‍ പുറപ്പെടുന്നത് വരെ ഇവരില്‍ കാറില്‍ കയറാന്‍ അധികൃതര്‍ സമ്മതിച്ചില്ല. യാത്രക്കാര്‍ ഇതേ കുറിച്ച് പരാതികളുയര്ത്തിയതോടെ എല്ലാ യാത്രക്കാരെയും ഒന്നിച്ചു മാത്രമേ കൊണ്ടുപോവാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു പൊലീസ് നിലപാട്. എല്ലാ വാഹനങ്ങള്‍ക്കും ഒരേസമയത്ത് എസ്കോര്‍ട്ട് ഒരുക്കേണ്ടതിനാലാണ് ഇതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. ഇതേ തുടര്‍ന്ന് ഏറെ വൈകിയാണ് യാത്രക്കാര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനായത്. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ളവരെ കൊണ്ടു പോകാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഏഴ് ബസുകകളും തുറമുഖത്തെത്തിയിരുന്നു. ടാക്സി കാറുകളും ഏര്‍പ്പാടാക്കിയിരുന്നു.