ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങള്‍; 18 എണ്ണം കേരളത്തിലേക്ക്‌

10

ന്യൂഡല്‍ഹി: രണ്ടാംഘട്ടത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് ഇന്ത്യയിലെത്തുക. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കണ്ണൂരിലേക്ക് വിമാനം എത്തും. യു.എ.ഇയില്‍നിന്ന് മാത്രം രണ്ടാംഘട്ടത്തില്‍ 11 വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതില്‍ ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടുവീതവും കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളുമാണ് ഉണ്ടാവുക. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു വിമാനങ്ങള്‍ എത്തുക. സഊദിയില്‍നിന്ന് മൂന്നു വിമാനങ്ങളുണ്ടാവും. റിയാദില്‍നിന്ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും ദമ്മാമില്‍നിന്ന് കൊച്ചിയിലേക്ക് ഒരു സര്‍വീസുമുണ്ടാകും. ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും സഊദിയില്‍നിന്നുണ്ടാകും. ബഹറൈനില്‍നിന്ന് രണ്ട് വിമാനങ്ങള്‍ എത്തുന്നതില്‍ ഒന്ന് മനാമ -തിരുവനന്തപുരം റൂട്ടിലും മറ്റൊന്ന് മനാമ – ഹൈദരാബാദ് റൂട്ടിലുമായിരിക്കും. കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഓരോ വിമാനം എത്തും. ഇതിനു പുറമെ തിരുപ്പതിയിലേക്കും കുവൈത്തില്‍നിന്ന് ഒരു വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒമാനില്‍നിന്ന് നാലു വിമാനങ്ങളാണ് കേരളത്തില്‍ എത്തുക. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളാണ് ഉണ്ടാവുക. ഇതിനു പുറമെ ഗയ, ഹൈദരാബാദ്, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ഒമാനില്‍നിന്ന് വിമാനങ്ങളെത്തും. ഓരോ വിമാനങ്ങളിലും 180 യാത്രക്കാര്‍ വീതമാണ് ഉണ്ടാവുകയെന്നാണ് വിവരം. വന്ദേ ഭാരത് മിഷന്റെ ഒന്നാം ഘട്ടം വിജയകമാണെന്നും കാര്യമായ പരാതികള്‍ ഉയരാത്തത് ഇതിന് തെളിവാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.