ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചുമന്ന് കുടിയേറ്റ കുടുംബം നടന്നത് 15 ദിവസം; പിന്നിട്ടത് 800 കിലോമീറ്റര്‍

17
പരിക്കേറ്റ ബാലനെ താല്‍ക്കാലിക സ്ട്രച്ചറില്‍ ചുമന്ന് നടക്കുന്നവര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ജോലിയും കിടപ്പാടവുമടക്കം സര്‍വസ്വവും നഷ്ടമായ കുടിയേറ്റ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലെത്തിപ്പെടാന്‍ വേണ്ടി കാല്‍നടയായി യാത്ര തുടരുകയാണ്.
ഭക്ഷണവും പൈസയുമില്ലാതെ പൊരി വെയിലില്‍ നഗ്നപാദരായി അവര്‍ താണ്ടുന്നത് നൂറു കണക്കിന് കിലോമീറ്ററുകളാണ്. ഇത്തരത്തില്‍ കാല്‍നടയായി യാത്ര തിരിച്ച പതിനേഴ് പേരടങ്ങുന്ന ഒരു കുടിയേറ്റ കുടുംബം സ്വന്തം നാടെത്താനായി നടന്ന ദൂരങ്ങള്‍ക്കത്രയും കഷ്ടപ്പാടിന്റെ കഥയാണ് പറയാനുള്ളത്. യാത്രക്കിടയില്‍ പരിക്കേറ്റ കുട്ടിയെ താല്‍ക്കാലികമായുണ്ടാക്കിയ സ്‌ട്രെക്ചറില്‍ ചുമന്ന് കുടുംബം നടന്നത് 800 കിലോമീറ്ററാണ്.
പഞ്ചാബിലെ ലുധിയാനയില്‍ നിന്നും മധ്യപ്രദേശിലെ സിങ്‌ഗ്രോളിയിലേക്കാണ് കുടുംബം യാത്ര തിരിച്ചത്. 15 ദിവസം കൊണ്ട് 800 കിലോമീറ്റര്‍ വഴി പിന്നിട്ടു കഴിഞ്ഞു ഇവര്‍. 1300 കിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. ലുധിയാനയിലെ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരെന്ന് എന്‍. ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. നടക്കാന്‍ പോലും കുട്ടിക്ക് സാധിക്കുമായിരുന്നില്ല. കയറു കൊണ്ട് താല്‍ക്കാലിക സ്ട്രക്ചറുണ്ടാക്കി കുട്ടിയെയും ചുമന്നായി പിന്നീടുള്ള യാത്ര.
വേറെയും കുട്ടികള്‍ കൂടെയുണ്ട്. ഇവരൊന്നും ഇതുവരെ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കുടുംബത്തിലുള്ള ഒരാള്‍ പറഞ്ഞു. 800 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് കുടുംബത്തിന്റെ ദയനീവാസ്ഥ ഒരു പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നീട് അദ്ദേഹം ഏര്‍പ്പാടാക്കിക്കൊടുത്ത ട്രക്കിലാണ് കുടിയേറ്റ കുടുംബം യാത്ര വീണ്ടും തുടര്‍ന്നത്. ലോക്ഡൗണ്‍ മൂലം ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണമോ തല ചായ്ക്കാന്‍ ഇടമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ഒടുവില്‍ ഒരു വഴിയും ഇല്ലാതാകുമ്പോഴാണ് നടന്നാണെങ്കിലും സ്വന്തം നാട്ടിലെത്തുക എന്ന തീരുമാനത്തില്‍ ഇവരെത്തുന്നത്. ഈ യാത്രക്കിടയില്‍ ഇതിനോടകം തന്നെ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.