ജനങ്ങളെ കൊള്ളയടിച്ച് വൈദ്യുതി ബോര്‍ഡ്; പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കോവിഡ്19നെ തുടര്‍ന്നുണ്ടായ സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കള്‍ക്ക് മേല്‍ ഉയര്‍ന്ന സ്ലാബ് അടിച്ചേല്‍പ്പിച്ച് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെ വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ലോക്ക് ഡൗണിന്റെ ഭാഗമായിവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്ന കാലത്ത് റീഡിങ് ഇല്ലാതെ നല്‍കിയ വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യംപരിശോധിക്കണമെന്ന്‌സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. വൈദ്യുതി ബോര്‍ഡ് സെക്രട്ടറിക്കാണ് നിര്‍ദേശം. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വാടക കെട്ടിടങ്ങളിലാണ് കൂടുതല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. റീഡിങ് ഇല്ലാതെ നല്‍കിയ ബില്‍ പഴയതിന്റെ ഇരട്ടിയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും അധിക ബില്‍ എങ്ങനെ വന്നു എന്നതിനെ കുറിച്ച് ബോര്‍ഡിന് മറുപടിയില്ല. തുക അടച്ചവര്‍ക്ക് അത് തിരികെ നല്‍കണമെന്നും പരാതിയിലുണ്ട്. അതേസമയം, കോടികണക്കിന് രൂപയാണ് ഇത്തരത്തില്‍ അനധികൃതമായും നിയമവിരുദ്ധമായും വൈദ്യുതിബോര്‍ഡ് ഉപഭോക്താക്കളില്‍ നിന്ന് കൊള്ളയടിച്ചതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ എടുക്കേണ്ട സ്ഥാനത്ത് പല സ്ഥലങ്ങളിലും രണ്ടര മാസത്തെ ബില്ലാണ് ഉപഭോക്താക്കള്‍ക്ക് ബോര്‍ഡ് നല്‍കിയത്.