ജനപ്രിയ സാമ്പത്തിക പാക്കേജ്; ശ്രദ്ധ നേടി പെറുവിന്റെ ധനമന്ത്രി

11
മരിയ അന്റോണീറ്റ

ലിമ: കോവിഡ് വ്യാപനത്തിന്റെ ആഘാതത്തില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും സഹായകമാകുന്ന വിധത്തിലുള്ള സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തിലൂടെ മരിയ അന്റോണീറ്റ ആല്‍വ എന്ന ധനമന്ത്രി ലോകശ്രദ്ധ നേടി. ഫലപ്രദവും സ്വീകാര്യവുമായ സാമ്പത്തിക നയങ്ങളിലൂടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ടോണിയെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മുപ്പത്തഞ്ചുകാരി.
2019 ഒക്ടോബറില്‍ നടന്ന മന്ത്രിസഭാ പുനര്‍വിന്യാസത്തിലാണ് തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ ധനമന്ത്രിയായി മരിയ അന്റോണീറ്റ ആല്‍വ ചുമതലയേറ്റത്. സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യയായി തീര്‍ന്നിരിക്കുന്ന ആല്‍വയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും ആല്‍വയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ ഇറക്കാനും ആരാധകരുടെ മത്സരമാണിപ്പോള്‍. ധൈര്യവും കുലീനതയും ഒത്തു ചേര്‍ന്ന വിശിഷ്ടവ്യക്തിയെന്നാണ് ധനമന്ത്രിയെ സാമൂഹികമാധ്യമങ്ങള്‍ വാഴ്ത്തുന്നത്.
2008-ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആല്‍വ 2010-ലാണ് പെറുവിന്റെ ധനകാര്യ വകുപ്പില്‍ ആദ്യമായി അംഗമാകുന്നത്. 2014-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ഇന്‍ ഇന്റര്‍നാഷണല്‍ ഡിവലപ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ഗസ്മാന്‍, ഡൊമിനിസിയന്‍ റിപ്പബ്ലിക്കിന്റെ ജുവാന്‍ ഏരിയല്‍ ജിമനെസ്, ഇക്വഡോറിന്റെ റിച്ചാര്‍ഡ് മാര്‍ട്ടിനസ് എന്നിവരോടൊപ്പം മില്ലെനിയല്‍ ഫിനാന്‍സ് മിനിസ്റ്റേഴ്സിന്റെ സംഘത്തില്‍ ആല്‍വയുമുണ്ട്.
2014-ല്‍ പെറുവിലേക്ക് മടങ്ങുന്നതിന് മുമ്പ് പഠനത്തിനായി രണ്ട് മാസക്കാലം ആല്‍ഫ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെ കുറിച്ചായിരുന്നു പഠനം. തിരിച്ചെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമിതയായി. പിന്നീട് ധനകാര്യ വകുപ്പിലേക്ക് മടങ്ങി. തുടര്‍ന്ന് ബജറ്റ് തയ്യാറാക്കുന്ന ചുമതല ആല്‍വക്ക് നല്‍കി. കഴിഞ്ഞ കൊല്ലം ധനമന്ത്രിയായി ചുമതലയേറ്റതോടെ പെറുവിയന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയുടെ മന്ത്രിസഭയിലെ ന്യൂജെന്‍ മന്ത്രിമാരില്‍ ഏറെ ശ്രദ്ധ നേടിയത് ആല്‍വയാണ്.