
മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍ക്ക് നിയമ പോരാട്ടത്തില്‍ പിന്തുണ നല്കാന് മുസ്്ലിംലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി വിദ്യാര്‍ഥി നേതാക്കളെ ജയിലിലടക്കപ്പെട്ട സാഹചര്യത്തിലാണ് മുസ്്ലിംലീഗ് ദേശീയ കമ്മിറ്റി ഇവര്‍ക്ക് നിയമസഹായം നല്കാന് തീരുമാനിച്ചത്. കോവിഡ് കാലഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട തുടരുകയാണ്. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ വിദ്യാര്‍ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന് ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം കൊടുത്ത ഗുല്‍ശിഫ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിടച്ചത് നീതീകരിക്കാനാവില്ല. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഡോ. സഫറുല്‍ ഇസ്ലാം, ജെ.എന്‍.യു നേതാവ് ഉമര്‍ ഖാലിദ്, ഗവേഷക വിദ്യാര്‍ഥി ചെങ്കിസ് ഖാന് എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാനും നീക്കം നടക്കുന്നുണ്ട്. അന്യായ തടങ്കലില്‍ കഴിയുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ മുസ്്ലിംലീഗ് കൂടെ നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സാമ്പത്തികമായും രാഷ്ട്രീയമായും അവരെ പാര്‍ട്ടി പിന്തുണക്കും. തിഹാര്‍ ജയിലില്‍ കഴിയുന്ന സഫൂറ സര്‍ഗര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. പൗരത്വ നിയമത്തിനെതിരായി നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയവരാണ് മീരാന്‍ ഹൈദറും ഷിഫാ ഉര്റഹ്്മാനും. സീലംപൂരില്‍ നടന്ന ഷഹീന്‍ബാഗ് മോഡല്‍ സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന ഗുല്‍ശിഫയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിലടക്കുന്നു. ഒരു ഭരണഘടനാ ചുമതലയുള്ള സ്ഥാപനത്തിന്റെ മേധാവി എന്ന പരിഗണന പോലുമില്ലാതെയാണ് ഡോ. സഫറുല്‍ ഇസ്്ലാമിനെ വേട്ടയാടുന്നത്. നേരത്തെ തന്നെ ജയിലില്‍ കഴിയുന്ന ഡോ. ഖഫീല് ഖാന് കോടതി ജാമ്യം നല്‍കിയിട്ടും ദേശസുരക്ഷാ നിയമം ചുമത്തി വിട്ടയക്കുന്നത് തടസപ്പെടുത്തുകയാണ്. കൃത്യമായും ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റ് ചെയ്യുന്ന നടപടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കലാപത്തിന്റെ ഗൂഢാലോചന കുറ്റം ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചവരുടെ തലയില്‍ കെട്ടി വക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ്.
വംശഹത്യയുടെ നാളുകളില്‍ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറുകളില്‍ പോലും ഈ വിദ്യാര്‍ഥികളുടെ പേരില്ല. എന്നിട്ടും പിന്നീട് നിയമവിരുദ്ധമായി ആള്‍ക്കൂട്ടം സൃഷ്ടിക്കുക, സായുധമായി സംഘടിക്കല്‍, കലാപത്തിന് ഗൂഢാലോചന നടത്തുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് യു.എ.പി.എ ചുമത്തുന്നത് പ്രതികാര നടപടിയാണ്. ഭാവിയിലും ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണിത്.
നേരത്തെ ഈ വിഷയം പാര്‍ലമെന്റില്‍ മുസ്്ലിംലീഗ് ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി എം.പി മാര്‍ കത്തുകളയച്ചു. പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു. ലോക്ക്് ഡൗണ്‍ കാലയളവില്‍ പരസ്യ പ്രതിഷേധത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും മെയ് ആറിന് യൂത്ത്ലീഗ് ദേശവ്യാപകമായി ദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആയിരക്കണക്കിന് ഇ മെയില്‍ പരാതികള്‍ അയച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഹോം പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവാസ് ദോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രതിഷേധം സംഘടിപ്പിച്ചു വരുന്നു. അതിന് പുറമേയാണ് ഈ വിദ്യാര്‍ഥി വേട്ടയുടെ ഇരകള്‍ക്ക് നിയമസഹായം നല്‍കുക. അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കും. സാമ്പത്തിക സഹായവും ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം പാര്‍ട്ടി നിലയുറപ്പിക്കും.
മുസ്്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, യൂത്ത്ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പാണക്കാട് വസതിയിലും മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്, എം.പി അബ്ദുസ്സമദ് സമദാനി, ഇഖ്ബാല്‍ അഹ്മദ് യു.പി, നവാസ് ഗനി എം.പി (രാമനാഥപുരം), ഖുറം അനീസ് ഉമര്‍ ഡല്‍ഹി, ദസ്തഗിള് ആഖ ഷിമോഗ, സിറാജ് ഇബ്രാഹീം സേട്ട് ബാംഗ്ലൂര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ കൊല്‍ക്കത്ത, എം.എസ്.എഫ് പ്രസിഡന്റ് ടി.പി അഷ്റഫലി, ജന. സെക്രട്ടറി അര്‍ഷാദ് ചെന്നൈ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും യോഗത്തില്‍ പങ്കെടുത്തു.