കോഴിക്കോട് ജില്ലക്കകത്ത് യാത്ര ചെയ്യാന്‍ സത്യവാങ്മൂലം കരുതണം

മിഠായിതെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നു

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്; ചരക്ക് വാഹനങ്ങള്‍ക്ക് പാസ് വേണ്ട

കോഴിക്കോട്: മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ പൊതു ഗതാഗത സംവിധാനങ്ങളും മദ്യഷോപ്പുകളും നിരോധിച്ചിരിക്കുന്നു. ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ/ടാക്‌സി വാഹനങ്ങളില്‍ െ്രെഡവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ഇത്തരം യാത്രകള്‍ അടിയന്തിര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല.
രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള സ്വകാര്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ജില്ലാ കലക്ടര്‍ നല്‍കുന്ന പാസ്സിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കുന്നതാണ്. ജില്ലയ്ക്കകത്ത് യാത്ര ചെയ്യാന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ആവശ്യമാണ്. അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ പാസുകള്‍ നിര്‍ബന്ധമാണ്. ചരക്ക് വാഹനങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള പാസും ആവശ്യമില്ല. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ സ്‌ക്വാഡുകള്‍ ഇത്തരം വാഹനങ്ങളിലെ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കേണ്ടതാണ്.
എല്ലാസര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും തുറന്നുപ്രവര്‍ത്തിക്കേണ്ടതാണ്. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധി 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണ്. ഗ്രൂപ്പ് സി., ഡി വിഭാഗം ജീവനക്കാരില്‍ പരമാവധി 33% ജീവനക്കാര്‍ ഹാജരാകേണ്ടതാണ്. അടിയന്തിര ജോലികളോ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതിയാവും. അതത് ഓഫീസ് തലവന്‍മാര്‍ ജീവനക്കാരുടെ ഡ്യൂട്ടി ചാര്‍ട്ട് തയ്യാറാക്കേണ്ടതാണ്. 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യാന്‍ പാടുള്ളതല്ല. ജനങ്ങള്‍ മാസ്‌ക്കുകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ പാടുള്ളു. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠന മാര്‍ക്ഷങ്ങള്‍ അനുവദനീയമാണ്.
സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, തുണിക്കടകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ വെച്ചുള്ള പരിപാടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്നു. എസ്.എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. കച്ചവട കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. സ്‌ക്വാഡുകളുടെ പരിശേധനയില്‍ ഇവ ലംഘിക്കപ്പെടുന്നതായി കാണുന്ന പക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഹോട്ടലുകളുടെയും റെസ്‌റ്റോറണ്ടുകളുടെയും പ്രവര്‍ത്തനം പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ബാര്‍ബര്‍ ജോലി വീടുകളില്‍ ചെന്ന് ചെയ്യാവുന്നതാണ്. വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ആയത് ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കുന്നതാണ്. ആശുപത്രികളില്‍ ബൈ സ്റ്റാന്റര്‍മാരായി ഒന്നിലധികം പേര്‍ എത്തുന്നത് നിരോധിച്ചിരിക്കുന്നു. എല്ലാതരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രാര്‍ത്ഥനകള്‍/കൂട്ടപ്രാര്‍ത്ഥനകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേ്ക്കും, പാര്‍ക്കുകളിലേ്ക്കും ബീച്ചുകളിലേ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. ഓറഞ്ചു സോണില്‍ അനുവര്‍ത്തിക്കേണ്ട എല്ലാ നിയന്ത്രണങ്ങളും ജില്ലയ്ക്ക് ബാധകമാവും. ഇനിയൊരുത്തരവുണ്ടവുന്നതുവരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

മിഠായിതെരുവിലെ തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു
കോഴിക്കോട്: മിഠായിതെരുവില്‍ ഇന്നലെ രാവിലെ ചില കടകള്‍ തുറന്നെങ്കിലും പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഓറഞ്ച് വിഭാഗത്തിലാണെങ്കിലും കൂടുതല്‍ ആളുകള്‍ കൂട്ടമായി എത്തുന്ന മിഠായിതെരുവ് പോലുള്ള സ്ഥലത്ത് കടകള്‍ തുറക്കുന്നതിന് നിയന്ത്രണം ഉള്ള സാഹചര്യത്തിലായിരുന്നു നടപടി. നൂറ് കണക്കിന കടകള്‍ ഉള്ള ഇവിടെ കടകള്‍ തുറക്കുന്നത് സാമൂഹിക അകലം പാലിക്കുന്നതിനും മറ്റും പ്രയാസം സൃഷ്ടിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ടൗണ്‍ പൊലീസ് എത്തി വ്യാപാരിനേതാക്കളുമായി സംസാരിച്ച് കടകള്‍ അടപ്പിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജജ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കടകള്‍ അടച്ചു. പിന്നീട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ. സേതുമാധവനും മറ്റും ജില്ലാ കലക്ടര്‍ സാംബശിവറാവുവിനെ കണ്ടു ചര്‍ച്ച നടത്തി. നിലവിലുലഌസ്ഥിതി തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മിഠായിതെരുവില്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഏതാനും ദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും കലക്ടര്‍ വ്യാപാരി നേതൃത്വത്തോട് പറഞ്ഞു.