ട്രാക്കില്‍ ഉറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 16 മരണം

34
കുടിയേറ്റ തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന ഔറംഗാബാദിലെ റെയില്‍വേ ട്രാക്കില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞുകയറി 16 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15നാണ് അപകടം. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് വഴി നാട്ടിലേക്ക് മടങ്ങാന്‍ 150 കിലോമീറ്റര്‍ അകലെയുള്ള ബുസാവല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
വെള്ളിയാഴ്ച കാലത്ത് ബുസാവലില്‍നിന്ന് മധ്യപ്രദേശിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെടുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് 20 അംഗ സംഘം യാത്ര തിരിച്ചത്. 45 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് അപകടത്തില്‍പെട്ടത്. ദീര്‍ഘനേരം നടന്നു തളര്‍ന്ന തൊഴിലാളികള്‍ വിശ്രമിക്കാനായി റെയില്‍വേ ട്രാക്കില്‍ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയിട്ടുണ്ടാകാമെന്ന് ഔറംഗാബാദ് റൂറല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കെത്മലാസ് പറഞ്ഞു.
14 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേര്‍ ആസ്പത്രിയിലാണ് മരിച്ചത്. ഹൈദരാബാദിലെ ചെര്‍ളാപള്ളി സ്റ്റേഷനില്‍ ചരക്കിറക്കിയ ശേഷം മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് മടങ്ങുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ട്രെയിനില്‍ ചരക്കുണ്ടായിരുന്നില്ല. ട്രാക്കില്‍ ആളുകളെ കണ്ട് ട്രെയിന്‍ നിര്‍ത്താല്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്നും ലോക്കോപൈലറ്റ് പറഞ്ഞതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സി.എച്ച് രാഗേഷ് പറഞ്ഞു. റെയില്‍വേ സുര്ക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രബാനി -മന്മദ് സെക്ഷന്‍ പരിധിയിലെ ബദനാപൂര്‍ – കര്‍മാഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം. സംഘത്തിലെ ഒരാള്‍ ഗുരുതുര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. മറ്റു മൂന്നുപേര്‍ ട്രാക്കില്‍നിന്ന് മാറി കിടന്നുറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസഥരുടെ പ്രത്യേകസംഘത്തെ ഔറംഗാബാദിലേക്ക് അയച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയംസംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാറും അഞ്ചു രക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.